Connect with us

Gulf

ലോകത്തിലെ ഏറ്റവും ചെറിയ ആംബുലന്‍സുമായി ദുബൈ

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ചെറിയ ആംബുലന്‍സുമായി ദുബൈ രംഗത്ത്. സാധാരണ ആംബുലന്‍സുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുന്ന പ്രദേശങ്ങളില്‍ കൂടി ഈ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചെറിയ ആംബുലന്‍സിന് ദുബൈ രൂപം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ് (ഡി സി എ എസ്) ഇത്തരം ഒരു വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സാധാരണ ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത മരുഭൂമിയുടെ ഉള്‍ഭാഗങ്ങളില്‍പോലും അപകടത്തില്‍പെടുന്നവര്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “ദ ഡസേര്‍ട്ട് റെസ്‌പോണ്ടര്‍” എന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. 6×6 ആംബുലന്‍സിന്റെ ആകൃതിയിലാണ് സൂപ്പര്‍കാറിന്റെ സവിശേഷതകളോട് കൂടിയ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്.
വലിപ്പം കുറവാണെങ്കിലും സാധാരണ ഉപയോഗിക്കുന്ന ഒരു അത്യാധുനിക ആംബുലന്‍സിന്റെ സൗകര്യങ്ങളെല്ലാം ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് നിവര്‍ന്നു കിടക്കാനുള്ള സൗകര്യത്തിനൊപ്പം രണ്ട് അറ്റന്റര്‍മാര്‍ക്കും പുതിയ ആംബുലന്‍സില്‍ സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും.
ഇടുങ്ങിയ വഴികളില്‍കൂടി പോകാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പന. സാധാരണ ആംബുലന്‍സുകള്‍ക്ക് അപ്രാപ്യമായ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നതാണ് ഈ സൂപ്പര്‍ ആംബുലന്‍സിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ഡി സി എ എസ് വക്താവ് വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ബുര്‍ജ് ഖലീഫ, ജുമൈറ ബീച്ച് റെസിഡന്‍സ് എന്നിവിടങ്ങളിലാവും പുതിയ സൂപ്പര്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്യുക.

Latest