Connect with us

Wayanad

കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

Published

|

Last Updated

മാനന്തവാടി: കുരങ്ങു പനിയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആരോഗ്യവകുപ്പിന് 35 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ 30 ലക്ഷം രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്ക്കരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മൂന്നാം വാരമാണ് ജില്ലയില്‍ കുരങ്ങുപനി പിടിപെട്ടതായി സ്ഥിരീകരിച്ചത്. 150 പേര്‍ക്ക് ഇതു വരെ കുരങ്ങുപനി പിടിപെട്ടിട്ടുണ്ടെന്നും എട്ടു പേര്‍ ഈ രോഗം മൂലം മരണപ്പെട്ടതുമായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി വിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് കുരങ്ങുപനിക്ക് പ്രത്യേകം വാര്‍ഡുകള് തുറന്നിട്ടുള്ളത്. ഇതു കൂടാതെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ചീയമ്പം കോളനി, ചെതലയം മൂന്നാംവയല്‍ എന്നിവിടങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ചീയമ്പത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ചെതലയം മൂന്നാം വയലില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.
കുരങ്ങുപനി ജില്ലയില്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ട്രൈബല്‍ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപയാണ് കുരങ്ങു പനിക്ക് വയനാട്ടില്‍ ആരോഗ്യവകുപ്പിന് ലഭിച്ച ആദ്യ തുക. ഇത് മാര്‍ച്ച് 10 നകം തന്നെ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് രണ്ടു തവണകളിലായി യഥാക്രമം 25 ലക്ഷം, അഞ്ചു ലക്ഷം രൂപ നല്‍കി. ഇതില്‍ 25 ലക്ഷം രൂപ പുല്‍പ്പള്ളി ബ്ലോക്കിലെ അഞ്ച് പി എച്ച് സികള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. വാക്‌സിനേഷനും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്ക്കരണത്തിനുമായാണ് തുക വിനിയോഗിച്ചത്. ഇതിനു പുറമെ ജെ.എച്ച്.ഐ, ഫാര്‍മസിസ്റ്റ് തുടങ്ങി നാലോളം താത്കാലിക ജീവനക്കാരെ കുരങ്ങുപനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ താത്കാലികമായി നിയമിച്ചു. വനാതിര്‍ത്തിയില്‍ തൊഴിലെടുക്കുന്നവര്‍ത്ത് മുന്‍ കരുതലെന്നോളം കാലുറകള്‍ വാങ്ങി നല്‍കി. കിടത്തി ചികിത്സക്ക് വിധേയമാകുന്ന രോഗിക്ക് ദിനംപ്രതി 200 രൂപ നല്‍കുന്നുണ്ട്. തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടുമ്പോഴുള്ള ബുദ്ധിമുട്ട് കണക്കാക്കിയാണ് ഈ തുക അനുവദിക്കുന്നത്.
കുരങ്ങുപനിയുമായി ബന്ധപ്പെട്ട് രോഗികളുടെ രക്തം പരിശോധിക്കേണ്ടതായി വരാറുണ്ട്. ബഌഡ് കംപോണന്റ് സപ്പറേഷന്‍ യൂണിറ്റുള്ള ജില്ലയിലെ ഏക ആതുരാലയമാണ് വയനാട് ജില്ലാ ആശുപത്രി. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ രക്തഘടകത്തിന്റെ പരിശോധനക്ക് പോലും ജില്ലാ ആശുപത്രിയാണ് ഏക ആശ്രയം. കുരങ്ങുപനി നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും മറ്റു പാലിച്ച് സഹകരിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. പി വി ശശിധരന്‍ പറഞ്ഞു.