ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിയില്‍ പന്തുരുളും

Posted on: April 6, 2015 9:54 am | Last updated: April 6, 2015 at 9:54 am

football-symbolic_7_1കൊച്ചി: 2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചിയും വേദിയാകുമെന്നുറപ്പായി. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ആറ് അന്തിമ വേദികളില്‍ കൊച്ചിയും ഇടംപിടിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ എന്നിവയാണ് ലോകകപ്പിന്റെ മറ്റുവേദികള്‍. കൊച്ചിയുള്‍പ്പെടെ ആറ് വേദികളുടെ കാര്യത്തില്‍ തീരുമാനമായതായി എ ഐ എഫ് എഫ് പ്രസിഡന്റ് സുബ്രത ദത്തയാണ് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. മത്സരക്രമവും ഫിക്‌സചറും വൈകാതെ പ്രഖ്യാപിക്കും.
ആദ്യ പട്ടികയിലെ എട്ട് വേദികള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുണെ, ബെംഗളൂരു എന്നീ നഗരങ്ങള്‍ പുറത്തായതോടെയാണ് കൊച്ചിയുടെ കാര്യം ഉറപ്പായത്. അഞ്ച് വേദികളുടെ കാര്യം ഏകപക്ഷീയമായി തീരുമാനമായെങ്കിലും ആറാം വേദിയായി ബെംഗളൂരുവും കൊച്ചിയുമാണ് രംഗത്തുണ്ടായിരുന്നത്. ഇതില്‍ സ്‌റ്റേഡിയത്തിന്റെ നിലവാരക്കുറവ് ബെംഗളൂരുവിന് തിരിച്ചടിയായി. ശ്രീ കണ്ഠീരവ സ്‌റ്റേഡിയവും കര്‍ണാടക ഫുട്ബാള്‍ അസോസിയേഷന്‍ സ്‌റ്റേഡിയവുമായിരുന്നു ബെംഗളൂരുവില്‍ നിര്‍ദേശിച്ചത്. ഇവയുടെ നിലവാരമില്ലായ്മ കൊച്ചിക്ക് അനുഗ്രഹമായി. ഡിസംബര്‍ ആദ്യ വാരത്തില്‍ കൊച്ചിയിലെത്തിയ ഫിഫ ടെക്‌നിക്കല്‍ സംഘം മത്സര വേദിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളായി കേരള ഫുട്ബാള്‍ അസോസിയേഷന്‍ നിര്‍ദേശിച്ച കുഫോസ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയും സന്ദര്‍ശിച്ചിരുന്നു. മത്സര വേദിയുടെയും പരിശീലന വേദിയുടെയും നിലവാരം ഉയര്‍ത്താനായി ഫിഫ സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിവരും. മത്സര വേദിയേക്കാള്‍ പത്ത് മടങ്ങ് മികച്ചതായിരിക്കണം പരിശീലന ഗ്രൗണ്ടുകളെന്ന് ടെക്‌നികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പ് എത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയും എ ഐ എഫ് എഫിന്റെയും ശ്രമങ്ങളെതുടര്‍ന്നാണ് 2013 ഡിസംബറില്‍ ഇന്ത്യക്ക് നറുക്ക് വീണത്. ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്താന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് അതിഥേയരാകാനുള്ള അവസരം ലഭിച്ചത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും മറ്റ് 23 രാജ്യങ്ങളും ലോകകപ്പില്‍ പങ്കെടുക്കും. ഇന്ത്യക്ക് നറുക്ക് വീണതോടെ ഒരു വേദിയായി കൊച്ചിയെയും തിരഞ്ഞെടുക്കാന്‍ കെ എഫ് എയും രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് റെക്കോര്‍ഡ് ജനമൊഴുകിയെത്തിയതും കൊച്ചിക്ക് തുണയായി.