Connect with us

Kozhikode

ഹെല്‍മെറ്റ് വേട്ട: വിദ്യാര്‍ഥികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം

Published

|

Last Updated

കൊയിലാണ്ടി: ഹെല്‍മെറ്റ് വേട്ടക്കിടെ പോലീസിനെ ബൈക്ക് കയറ്റി ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കാപ്പാട് കണ്ണന്‍കടവ് സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. കെ കെ മുഹമ്മദ് യാസര്‍, പി എ അര്‍ശാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് വൈകീട്ട് തിരുവങ്ങൂര്‍ അങ്ങാടിയില്‍ കൊയിലാണ്ടി എസ് ഐ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യാസിറിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്ക് നിരങ്ങി പോലീസുകാരന്റെ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ കൊണ്ടു പോയി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും എസ് ഐയെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമാണുണ്ടായതെന്ന് കര്‍മ സമിതി കുറ്റപ്പെടുത്തി. അന്യായമായി വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍മ സമിതി ആവശ്യപ്പെട്ടു. മാത്രവുമല്ല ലോക്കപ്പില്‍ വിദ്യാര്‍ഥികളെ ഭക്ഷണം പോലും നല്‍കാതെ അടിവസ്ത്രം മാത്രമുടുപ്പിച്ചു നിര്‍ത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ആഭ്യന്തര സെക്രട്ടറി, ഉന്നത പോലീസ് അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
നടപടി സ്വീകരിക്കാത്ത പക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തും. എസ് ഐക്കെതിരെ സ്വകാര്യ അന്യായവും നല്‍കും. അതിനിടെ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച വൈകീട്ട് ജാമ്യം ലഭിച്ചു. കര്‍മ സമിതി യോഗത്തില്‍ എം അഹമ്മദ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി സി സതീഷ് ചന്ദ്രന്‍, പി അബ്ദുല്ലക്കോയ, എം പി മൊയ്തീന്‍ കോയ, എ സി പ്രജുമോന്‍, എ ടി ബിജു, പി പി മമ്മദ് കോയ, കെ അബുക്കോയ, എം മുബാറക്, പി പി ബാബു, ടി വി റഫീഖ്, എം പി സബാഹ്, എ പി ഹസ്സന്‍ കോയ പ്രസംഗിച്ചു. കര്‍മസമിതി ഭാരവാഹികളായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രഹാസന്‍ (ചെയര്‍.), എം പി മൊയ്തീന്‍കോയ കണ്ണന്‍കടവ് (ജന. കണ്‍.) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Latest