Connect with us

Gulf

സെല്‍ഫിയെ പരിണയിച്ചവരെക്കൊണ്ട് തോറ്റു

Published

|

Last Updated

ഇത് “സെല്‍ഫി”യുടെ കാലമാണ്. സ്വന്തം ചിത്രങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വ്യാപകം. സെല്‍ഫിയെ പരിണയിച്ചവരില്‍ വലുപ്പച്ചെറുപ്പമില്ല. രംഗബോധമില്ല. മിക്കവരും ക്യാമറ, തന്നിലേക്കു തന്നെ തിരിച്ചുവെച്ച് തരം കിട്ടുമ്പോഴൊക്കെ ക്ലിക്ക് ചെയ്യുന്നു. ഗള്‍ഫില്‍ ഇത് ഒരു ജ്വരമായി മാറിയിട്ടുണ്ട്.
പ്രശസ്തമായ ആളുകളാണ് ഇതു കാരണം കുടുങ്ങിയിരിക്കുന്നത്. അവരുടെ കൂടെ നിന്നുള്ള സെല്‍ഫികളാണ് പുതിയ മേച്ചില്‍ പുറം. ആവശ്യക്കാരനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി, കുറേ നേരം ക്യാമറയെ നോക്കി പ്രശസ്തര്‍ നില്‍ക്കണം. ആള്‍കൂട്ടത്തിനിടയിലാണെങ്കില്‍ കുഴങ്ങിയതുതന്നെ. ഓരോരുത്തര്‍ക്കും വേണ്ടി സമയം ചെലവഴിക്കണം. ഓരോ തരത്തില്‍ പോസ് ചെയ്യണം.
കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സെല്‍ഫി ആരാധകരെക്കൊണ്ട് പ്രയാസത്തിലായി. ചേര്‍ത്തു നിര്‍ത്തി ഫോട്ടോയെടുക്കാന്‍ വെമ്പല്‍കൊള്ളുന്നവരെയാണ്, എവിടെയും കണ്ടത്.
മുമ്പ് ഇങ്ങിനെയൊരു പ്രതിഭാസം ഉണ്ടായിരുന്നില്ല. നടന്നു പോകുമ്പോള്‍ ആരെങ്കിലും ക്ലിക്ക് ചെയ്താലായി. ആര്‍ക്കെങ്കിലും ഫോട്ടോ വേണമെങ്കില്‍ അല്‍പം മാറി നില്‍ക്കാനുള്ള സൗകര്യമുണ്ട്. ഇത്, അങ്ങിനെയല്ല. നടന്നുപോകുമ്പോള്‍, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വേണം സെല്‍ഫി.
കമ്പോളത്തില്‍ സെല്‍ഫി “വടി”യും വ്യാപകം. മൊബൈല്‍ ഫോണിനെ വടിയില്‍ ഘടിപ്പിച്ചു നിര്‍ത്തി വടിയുടെ ഇങ്ങേയറ്റം ക്ലിക്ക് ചെയ്താല്‍ മതിയാകും. ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ മറ്റൊരാളുടെ സഹായം വേണ്ടതില്ലെന്നതാണ് സെല്‍ഫി സ്റ്റിക്കിന്റെ ഗുണം. മഹത്തായ കണ്ടുപിടുത്തമല്ലെങ്കിലും സൗകര്യപ്രദമാണ്. കഴിഞ്ഞ തവണ, ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ സെല്‍ഫി സ്റ്റിക്കുമായി റിപ്പോര്‍ട്ടിംഗ് നടത്തുന്ന ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനെ കാണാനിടയായി. അദ്ദേഹത്തിന് ക്യാമറാമാന്റെ സഹായം ഉണ്ടായിരുന്നില്ല. കൗതുക കാഴ്ചകള്‍ സെല്‍ഫി സ്റ്റിക്കിലെ ക്യാമറയില്‍ പകര്‍ത്തിയ ശേഷം, ക്യാമറ തന്നിലേക്ക് തിരിച്ചു വെച്ച് സംഭവം വിശദീകരിക്കുന്ന (വോയ്‌സ് ഓവര്‍ അടക്കം)ത് കൗതുകകരമായ കാഴ്ചയായിരുന്നു. അധികം എഡിറ്റിംഗില്ലാതെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും വൈ ഫൈ വഴി ചാനല്‍ സംപ്രേഷണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്യാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതേ സമയം, സെല്‍ഫി ചിത്രം പിടുത്തം ആത്മരതിയോളം വളര്‍ന്നുവോയെന്ന് സംശയമുണ്ട്. പല സ്ഥലങ്ങളിലും ചെന്ന്, വ്യത്യസ്ത കോണുകളിലൂടെ സ്വന്തം ചിത്രം പകര്‍ത്തി തുരുതുരാ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്, ഉചിതമല്ല. പകരം, ക്യാമറയെ പുറം ലോകത്തേക്ക് തിരിച്ചു വെക്കുന്നതാണ് നല്ലത്. ആയിരം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്തത് ഒരു ചിത്രത്തിനു സാധ്യമാകും. വിയറ്റ്‌നാമില്‍ അമേരിക്ക ബോംബിട്ടപ്പോള്‍ ഒരു കുട്ടി നിലവിളിച്ചോടുന്നതും, വിശന്നുവലഞ്ഞ് എല്ലും തോലുമായ ഒരു കുട്ടി കഴുകന് മുന്നില്‍ നിമിഷങ്ങളെണ്ണുന്നതും ലോകത്തെ നടുക്കിയ ചിത്രങ്ങളാണെന്ന് ഓര്‍ക്കുക. സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഇല്ലാതിരുന്ന കാലത്തെ ചിത്രങ്ങളാണത്.
സെല്‍ഫിക്കു മുന്നില്‍ മുഖംകാട്ടി നില്‍ക്കാന്‍ പ്രശസ്തരെ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ഓര്‍ക്കുക.

Latest