Connect with us

Kerala

എം എ ഉസ്താദ് ഇനി ജനമനസ്സുകളില്‍

Published

|

Last Updated

ma usthad mayyith at sahdiyya

എം എ ഉസ്താദിന്റെ ജനാസയും വഹിച്ചുള്ള ആംബുലന്‍സ് കാസര്‍കോടി ദേളി സഅദിയ്യ അങ്കണത്തില്‍ എത്തിയപ്പോള്‍

കാസര്‍കോട്: മുക്കാല്‍ നൂറ്റാണ്ടോളം മുസ്ലിം സമുദായത്തിന് ധീരമായ നേതൃത്വം നല്‍കിയ പണ്ഡിത തേജസ്സ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഇനി ജനഹൃദയങ്ങളില്‍. ധൈഷണികതയുടെ ആ ശബ്ദം ഇനിയില്ല. പണ്ഡിത തറവാട്ടിലെ കുലപതി എം എ ഉസ്താദിന് മുസ്ലിം കൈരളി വിട ചൊല്ലി. എം എ ഉസ്താദിന്റെ ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജാമിഅ സഅദിയ്യ മസ്ജിദിന് സമീപം ഖബറടക്കി. ഇന്നാലില്ലാഹ്….

shadiyya ma usthad janasa

നൂറ്റാണ്ടോളം നീണ്ട ജീവിതസപര്യയില്‍ ഒട്ടുമുക്കാല്‍ പങ്കും സുന്നത്ത് ജമാഅത്തിന് വേണ്ടി നീക്കിവെച്ച പണ്ഡിത ശ്രേഷ്ടര്‍ക്ക് വിടചൊല്ലാന്‍ നാടും നഗരവും കാസര്‍കോട്ടേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇന്നലെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ തുടങ്ങിയ ആ പ്രവാഹം മയ്യിത്ത് ഖബറിനോട് ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ചെത്തിയ ജനസാഗരത്തില്‍ നാടും നഗരവും അക്ഷരാര്‍ഥത്തില്‍ വീര്‍പ്പ് മുട്ടി.

ma usthad house

എം എ ഉസ്താദിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഇന്നലെ രാത്രി വസതിയിലേക്ക് ഒഴുക്കിയെത്തിയവര്‍

ഇന്ന് രാവിലെ ഉസ്താദിന്റെ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ വസതിയില്‍ വെച്ചായിരുന്നു ആദ്യ മയ്യിത്ത് നിസ്‌ക്കാരം. തുടര്‍ന്ന് അവിടത്തെ പള്ളിയിലും നിസ്‌ക്കാരം നടന്നു. സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് പല ഘട്ടങ്ങളിലായി നിസ്‌ക്കാരം നടന്നു. അതിന് ശേഷം ഖബറടക്ക ചടങ്ങുകള്‍ക്കായി ഉസ്താദിന്റെ തട്ടകമായ സഅദിയ്യയിലേക്ക് കൊണ്ടുപോയി. അവിടെ നടന്ന ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

ma janaza

ദേളി ജാമിഅ സഅദിയയുടെ അങ്കണത്തില്‍ 22 തവണകളിലായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, ചിത്താരി ഹംസ മുസ്‌ലിയാര്‍, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍, സി മുഹമ്മദ് കുഞ്ഞി ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി കടലുണ്ടി, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍ ഖാദര്‍ സഖാഫി, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, സയ്യിദലി ബാഖവി, റഷീദലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍(ഉദുമ), എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ്, കെ കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ചെര്‍ക്കളം അബ്ദുല്ല, ടി ഇ അബ്ദുല്ല തുടങ്ങി നിരവധി പേര്‍ ജനാസ സന്ദര്‍ശിക്കാനെത്തിയിരുന്നു.
ma usthad janasaഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സമസ്തയുടെ പ്രസിഡന്റും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ് ബോര്‍ഡിന്റെ പ്രസിഡന്റുമായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ വിടവാങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ കര്‍മവീഥിയില്‍ പ്രവര്‍ത്തിച്ച പണ്ഡിതനായിരുന്നു എം എ ഉസ്താദ്. പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിതകാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു. 1924 ജൂലൈ ഒന്നിന് (റജബ് 29) തിങ്കളാഴ്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് ജനനം. മാതാമഹാന്റെയും അമ്മാവന്റെയും കീഴില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു. അവിടെ പ്രധാന മുദര്‍രിസായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ പത്ത് വര്‍ഷം പഠിച്ചു. തസവ്വുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എയെ ആത്മീയമായി വളര്‍ത്തി. ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതുരംഗത്ത് കടന്നു വരികയും ചെയ്തു. 1951 ല്‍ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്തുവെച്ച എം എ പീന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മദ്‌റസ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. 1954 സമസ്ത കേരള സുന്നി യുവജന സംഘം രൂപവത്കരണത്തില്‍ പങ്കാളിയായ എം എ, 1982ല്‍ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ പന്ത്രണ്ട് വര്‍ഷം ആ പദവിയില്‍ സേവനം ചെയ്തു. 1989 മുതല്‍ 2013 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായിരുന്നു. 2013ല്‍ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്തക്ക് ജില്ലാ കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍ അവിഭക്ത സമസ്തയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പ്പിയായ അദ്ദേഹം ഉത്ഭവം മുതല്‍ സഅദിയ്യയുടെ സാരഥിയാണ്. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള അദ്ദേഹത്തിന്റേതായി മലയാളം, അറബി ഭാഷകളിലായി നാല്‍പ്പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച സാമൂഹിക സേവനത്തിനുള്ള മുസ്തഫ അവാര്‍ഡ്, ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ് തുടങ്ങിയവ എം എ ഉസ്താദിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ മക്കള്‍: നഫീസ, കുഞ്ഞഹമ്മദ്, ബഫാത്വിമ, അബ്ദുല്‍ വഹാബ്, ജുവൈരിയ്യ. കാസര്‍ക്കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എളമ്പച്ചി, കൈക്കോട്ടുകടവിലാണിപ്പോള്‍ താമസം.
---- facebook comment plugin here -----

Latest