തരൂര്‍ സഹകരിച്ചെന്ന് ഡല്‍ഹി പൊലീസ്; വീണ്ടും ചോദ്യം ചെയ്യും

Posted on: January 20, 2015 10:54 am | Last updated: January 21, 2015 at 12:09 am

shashi_tharoor1ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതക കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ സഹകരിച്ചെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസി. നിരവധി കാര്യങ്ങള്‍ തരൂരിനോട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ അടക്കമുള്ള കാര്യങ്ങളും ചോദിച്ചെന്ന് ബസി പറഞ്ഞു. ശശി തരൂരിനെ ഈ ആഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബസി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയിലാണ് ചോദ്യം ചെയ്തത്. രാത്രി എട്ട് മണിയോടെ നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി ആര്‍ പി സി സെക്ഷന്‍ 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്‌തേക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തയെങ്കിലും ഇന്നലെ രാത്രി തന്നെ തരൂരിനെ ചോദ്യം ചെയ്യുകയായിരുന്നു.