താമസ കുടിയേറ്റ വകുപ്പ് പ്രവര്‍ത്തനം ദേശീയതലത്തില്‍ ഏകീകരിക്കുന്നു

Posted on: December 29, 2014 8:00 pm | Last updated: December 29, 2014 at 8:09 pm

അബുദാബി: താമസകുടിയേറ്റവകുപ്പിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ഏകീകരിക്കാന്‍ യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശം നല്‍കി.
സാമ്പ്രദായികമായ സേവന പ്രവര്‍ത്തനങ്ങള്‍ നവീകരിക്കണമെന്നു നിര്‍ദേശിച്ചതായും അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫാ ഹാരിബ് അല്‍ ഖൈലി പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തൊഴില്‍ മന്ത്രാലയം വെബ്‌സൈറ്റ് പുതുക്കി. രൂപകല്‍പനയിലും സംവിധാനത്തിലുമുള്ള മാറ്റം 6.5 കോടി ഉപയോക്താക്കള്‍ക്കു ഗുണം ചെയ്യും. സമൂഹമാധ്യമങ്ങളുമായി പൂര്‍ണമായും സംയോജിപ്പിച്ച വെബ്‌സൈറ്റില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യ പരിഷ്‌കരിച്ചതുവഴി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചും വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയും. ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വേഗത്തില്‍ മറുപടി ലഭിക്കാന്‍ ഉപയോക്താക്കള്‍ക്കു സൗകര്യം നല്‍കുന്നതാണു പുതിയ വെബ്‌സൈറ്റ് എന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുബാറക് അല്‍ ദാഹിരി പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണു നടപടികള്‍.
അന്വേഷണങ്ങള്‍ സ്വീകരിക്കാനും മറുപടി നല്‍കാനുമുള്ള സൗകര്യം വെബ്‌സൈറ്റിലുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം സമാഹരിക്കാന്‍ ചോദ്യങ്ങള്‍, പതിവായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ എഫ്എക്യു വിഭാഗം എന്നിവയും വെബ്‌സൈറ്റിലുണ്ട്. ഉപയോക്താക്കളെ മുന്‍നിര്‍ത്തിയാണു വെബ്‌സൈറ്റ് തയാറാക്കിയത്. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ചു ഹോം സ്‌ക്രീനില്‍ അവ നല്‍കിയിട്ടുണ്ട്.
തൊഴിലാളികള്‍, തൊഴില്‍ ഉടമ എന്നിവര്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കുകയാണു ലക്ഷ്യം. തൊഴില്‍കാര്യ വിഭാഗം, പരിശോധനാ വകുപ്പ് വിഭാഗം തുടങ്ങിയവ തരംതിരിച്ചാണു വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമാണു രൂപകല്‍പന. സര്‍ക്കാരിന്റെ മറ്റു വെബ്‌സൈറ്റുകളുമായി ബന്ധിപ്പിക്കാവുന്ന രീതിയിലാണ് വെബ്‌സൈറ്റില്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമായും വെബ്‌സൈറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ പേജ് ബട്ടണ്‍ ഉള്‍പ്പെടെ കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ആശയവിനിമയത്തിന് ബ്ലോഗും ഉണ്ടെന്നു മുബാറക് അല്‍ ദാഹിരി പറഞ്ഞു.