ഡി എസ് എഫ് പരിപാടികള്‍ അനാവരണം ചെയ്തു

Posted on: December 24, 2014 2:40 pm | Last updated: December 24, 2014 at 2:40 pm

DSFദുബൈ: ദുബൈ വ്യാപാരോത്സവത്തിന്റെ പരിപാടികള്‍ ദുബൈ ഫസ്റ്റിവല്‍സ് ആന്‍ഡ് റീട്ടയില്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തുവിട്ടു. 20-ാം വാര്‍ഷികം പ്രമാണിച്ച് ആഘോഷങ്ങളുടെ യാത്ര എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ഡി എസ് എഫ്.
ജനുവരി എട്ട്, ഒമ്പത്, 10,15,16,17,22,23,29,30 എന്നീ ദിവസങ്ങളില്‍ ദുബൈ മീഡിയ സിറ്റി ആംഫി തിയേറ്ററില്‍ സംഗീതനിഷ സംഘടിപ്പിക്കും. അറബ് ഗായകരായ മുഹമ്മദ് അബ്ദു, ഹുസ്സന്‍ അല്‍ ജാസിമി, അമര്‍ ദിയാവ്, നാന്‍സി അജ്‌റാം തുടങ്ങിയവര്‍ ഓരോ ദിവസങ്ങളിലായി ഗാനമേള അവതരിപ്പിക്കും. ഡി എസ് എഫ് ഓര്‍ക്കസ്ട്ര കണ്‍സേര്‍ട്ട് സബീല്‍ പാര്‍ക്കില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുക്കും. അതേ ദിവസം തന്നെ ശൈഖ് റാശിദ് ഓഡിറ്റോറിയത്തില്‍ ഫിലിപ്പൈന്‍ സംഗീതമേള നടക്കും. ജനുവരി 15ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യന്‍ പിന്നണി ഗായകനായ ഹരിജിത് സിംഗിന്റെയും 16ന് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തില്‍ സോനു നിഗാമിന്റെയും 31ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെയും സംഗീത പരിപാടികള്‍ നടക്കും.
വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് കലാപ്രകടനങ്ങള്‍ ഉണ്ടാകും. ജനുവരി 14 മുതല്‍ 16 വരെ ദുബൈ മാളില്‍ അബ്ബാത്തി എന്ന പേരില്‍ പര്‍ദകളുടെയും ശിരോവസ്ത്രങ്ങളുടെയും ഫാഷന്‍ഷോ ഉണ്ടാകും. ജനുവരി ഏഴ് മുതല്‍ 14 വരെ മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഫാഷന്‍ ഫോട്ടോഗ്രാഫി, ജെ ബി ആറിലെ ബീച്ചില്‍ ജനുവരി ഒന്ന് മുതല്‍ 17 വരെ ഫാഷന്‍ പരേഡുകള്‍ നടക്കും.
ദുബൈ ഡൗണ്‍ ടൗണ്‍ ഗ്ലോബല്‍ വില്ലേജ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ദുബൈ ഫസ്റ്റിവല്‍സ് ആന്‍ഡ് റീട്ടയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈല മുഹമ്മദ് സുഹൈല്‍ അറിയിച്ചു.