വാജ്പയിക്ക് യു പി എ ഭാരതരത്‌ന നല്‍കണമായിരുന്നു: ഉമര്‍

Posted on: December 22, 2014 11:45 pm | Last updated: December 22, 2014 at 11:45 pm

vajpayeeശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിക്ക് ഭാരത രത്‌ന നല്‍കണമായിരുന്നെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. 2004 മുതല്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന് ഇതൊരു നഷ്ടപ്പെട്ട അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
യു പി എ സര്‍ക്കാര്‍ രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ഉയര്‍ന്ന് വാജ്പയി സാഹിബിന് ഭാരത രത്‌ന നല്‍കമെന്നായിരുന്നു തന്റെ ആഗ്രഹം -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി വാജ്പയിക്ക് ഭാരത രത്‌ന നല്‍കുന്നതിനെ പിന്തുണച്ചു. വാജ്പയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് സത്ഭരണ ദിനമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആചരിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി യുടെ അതിസമര്‍ഥനായ നേതാവിന് അദ്ദേഹത്തിന്റെ ജന്മ ദിനമായ ഡിസംബര്‍ 25നു ഭാരത രത്‌ന സമ്മാനിക്കുമെന്ന ഊഹം വ്യാപകമാണ്.
നാഷനല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അതേസമയം, ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചിട്ടുണ്ട്.