രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം

Posted on: December 18, 2014 6:00 am | Last updated: December 19, 2014 at 12:38 pm

markaz conferanceനാടിന്റെ നാനാ ദിക്കുകളില്‍ നിന്നുള്ള പരശതം വിശ്വാസികള്‍ ഇന്ന് മുതല്‍ മര്‍കസ് നഗരിയിലേക്ക് ഒഴുകിയെത്തുകയാണ്. പല ആവശ്യങ്ങളും അഭിലാഷങ്ങളും നെഞ്ഞിലേറ്റിയാണ് അവര്‍ ഓരോ തവണയും മര്‍കസിലെത്തുന്നത്. അവരുടെ വികാരങ്ങളെ മുഴുവന്‍ പരസ്പരം കണ്ണി ചേര്‍ക്കുന്നത് ഒരേയൊരു സ്വപ്‌നമാണ്; നാല് പതിറ്റാണ്ട് മുമ്പ് കാരന്തൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ മര്‍കസ് നട്ടു വളര്‍ത്തിയ സ്വപ്‌നമാണത്. ആ സ്വപ്‌നത്തിന്റെ തണല്‍ പറ്റിയാണ് ഇക്കാലയളവില്‍ രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന പാവപ്പെട്ട മുസ്‌ലിംകള്‍ അവരുടെ ജീവിതത്തെ കരുപ്പിടിപ്പിച്ചത്. ദാരിദ്ര്യത്തിനും അറിവില്ലായ്മക്കുമിടയില്‍ കിടന്ന് ജീവിതത്തെക്കുറിച്ചുള്ള നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ മറന്നുപോയ ജനതയുടെ പ്രതീക്ഷയും ആത്മവിശ്വാസവുമായി മര്‍കസ് വളര്‍ന്നു പന്തലിച്ചു.
ഞാന്‍ തന്നെ പലപ്പോഴും സൂചിപ്പിച്ചതുപോലെ, വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്താണ് സമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനം കേരളത്തിലും തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. എഴുപതുകളുടെ അവസാനം, എന്റെ സഹ പ്രവര്‍ത്തകരുമായി ചേര്‍ന്ന്, സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ കീഴില്‍ ഒരു വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ശക്തമായപ്പോള്‍. ബാഖിയാത്തില്‍ നിന്നും എനിക്ക് ലഭിച്ച ആഗ്രഹത്തിന്റെ പൂര്‍ത്തീകരണവും കൂടിയായി അത് മാറി. പക്ഷേ, കേരളീയ പശ്ചാത്തലത്തില്‍ ഒരു മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുമ്പോള്‍ ആലോചിക്കാന്‍ പലതും ഉണ്ടായിരുന്നു. ആ ആലോചനകളെയെല്ലാം കേന്ദ്രീകരിച്ചാണ് മര്‍കസ് എന്ന സ്ഥാപനത്തിന് ഞങ്ങള്‍ രൂപരേഖ തയ്യാറാക്കിയത്.
നടക്കുമോ എന്ന് പലരും സംശയിച്ച ഒരു സ്വപ്‌നമായിരുന്നു മര്‍കസ്. കാരണം, സാമൂഹിക ജീവിതത്തിലെ പങ്കിനെ പലര്‍ക്കും വീതിച്ചു കൊടുത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്. പണ്ഡിതന്മാര്‍ ചെയ്യേണ്ടത്, ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് എന്നിങ്ങനെ. ഇതിനിടയിലാണ് ഒരു പറ്റം മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വീതംവെപ്പിനെയെല്ലാം മാറ്റിമറിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. വലിയൊരു വെല്ലുവിളിയായിരുന്നു ഞങ്ങള്‍ക്ക് എറ്റെടുക്കേണ്ടിയിരുന്നത്. സ്‌കൂളുകളുടെയും എന്‍ജിനീയറിംഗ് കോളജുകളുടെയും എല്ലാം മേല്‍നോട്ടക്കാരായി താടിയും തലപ്പാവുമുള്ള ഉലമാക്കള്‍ വന്നു. അവര്‍ വിദ്യാര്‍ഥികള്‍ക്ക് അറിവിനോടൊപ്പം ആത്മീയമായ ഉണര്‍വും നല്‍കി.
മര്‍കസ് അവരെ നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. ആ സ്വപ്‌നങ്ങള്‍ കൈപ്പിടിയിലൊതുക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും മര്‍കസ് അവര്‍ക്കായി ഒരുക്കിക്കൊടുത്തു. മര്‍കസിന്റെ തണല്‍ തേടി വന്നവരാരും നിരാശരായില്ല.അവര്‍ നല്ല വിദ്യാര്‍ഥികളായി. നല്ല പ്രൊഫഷനലുകളായി, രക്ഷിതാക്കളായി, പൗരന്മാരായി. സര്‍വോപരി മികച്ച വിശ്വാസികളായി. അവര്‍ നാടിനും കുടുംബത്തിനും വേണ്ടപ്പെട്ടവരായി. അതാണ് മര്‍കസിനെ മറ്റു പലതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കാര്യങ്ങളെ അമൂര്‍ത്തമായി അവതരിപ്പിക്കുകയല്ല മര്‍കസ് ചെയ്തത്. പ്രായോഗികമായി സമീപിക്കുകയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മര്‍കസിന്റെ മുന്‍ഗണനാക്രമത്തില്‍ ആദ്യം തന്നെ ഇടംപിടിച്ചതങ്ങനെയാണ്.
വിദ്യാഭ്യാസത്തിലൂടെ വികസനം എന്നാണു മര്‍കസ് സ്വീകരിച്ച നയം. മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ആദ്യം അവരെത്തന്നെ പ്രാപ്തരാക്കേണ്ടതുണ്ട്. അങ്ങനെയൊരു തിരിച്ചറിവില്‍ നിന്നേ സ്ഥായിയായ വികസനം ഉണ്ടാകുകയുള്ളൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി. വിദ്യാഭ്യാസത്തിലൂടെ മാത്രം ഇക്കാര്യങ്ങളൊക്കെ സാധ്യമാകുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങളുടെ ഉത്തരമാണ് മര്‍കസില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും അവരിന്ന് എത്തിപ്പെട്ട സേവനപ്രവര്‍ത്തന മേഖലകളും. മര്‍കസില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ അടുത്ത തലമുറയിലാണ് നമുക്കീ മാറ്റങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുക. ഇസ്‌ലാമിന്റെ ജീവന്‍ തന്നെ അറിവാണ് എന്നാണല്ലോ തിരുനബി (സ) നമ്മെ പഠിപ്പിച്ചത്. ജീവനുള്ള ഒരു സമുദായം ഉണ്ടാവണമെങ്കില്‍ അറിവ് കൂടിയേ തീരൂ എന്ന് കൂടിയണല്ലോ അതിന്റെ അര്‍ഥം. സമുദായത്തിന് ജീവന്‍ നല്‍കാനാവശ്യമായ അത്തരം അറിവുകളാണ് മര്‍കസ് സ്ഥാപനങ്ങള്‍ നാല് പതിറ്റാണ്ടോളമായി നല്‍കി വരുന്നത്.
മര്‍കസ് അതിന്റെ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സമയം കൂടിയാണിത്. ആദ്യഘട്ടം നല്‍കിയ വിജയവും ആത്മവിശ്വാസവുമാണ് നോളജ് സിറ്റി എന്ന വലിയ ദൗത്യം ഏറ്റെടുക്കാന്‍ മര്‍കസിനെ പ്രേരിപ്പിച്ചത്. ഒരു സമൂഹത്തിനു വേണ്ട എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് മര്‍കസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു സമ്പൂര്‍ണ വിജ്ഞാന നഗരമാണ് ഇതിലൂടെ മര്‍കസ് ആഗ്രഹിക്കുന്നത്. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടുപോയ പൂര്‍വകാല പ്രതാപം തിരിച്ചു പിടിക്കുക, അതിലൂടെ സമുദായത്തിനും സമൂഹത്തിനും ഗുണം ചെയ്യുന്ന തലമുറകളെ സൃഷ്ടിക്കുക തുടങ്ങിയവയാണ് നോളജ് സിറ്റിയുടെ ലക്ഷ്യങ്ങള്‍. മര്‍കസ് തന്നെ വളര്‍ത്തിയെടുത്ത ഒരു വലിയ തലമുറയുടെ മുന്നോട്ടുള്ള യാത്രയിലെ പ്രധാന നാഴികക്കല്ല് കൂടിയാണ് നോളജ് സിറ്റി.
സ്വയം പര്യാപ്തരായ ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് ഈ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നാം ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെയും മറ്റും കാത്തുനിന്ന് സമുദായത്തിന്റെ വലിയൊരു സമയം പാഴാക്കി. ഇനിയും നാം പുറത്തുനിന്നുള്ള സഹായങ്ങളേയും സ്ഥാപനങ്ങളേയും കാത്തുനിന്ന് നിരാശരായിക്കൂടാ. അതുകൊണ്ടാണ് നാം തന്നെ ഇത്തരം പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച മര്‍കസിന്റെ പ്രയാണം ഇന്ന് രാജ്യാന്തര തലത്തില്‍ വരെ എത്തി. ലോകത്തെ പ്രമുഖ ഇസ്‌ലാമിക സര്‍വകലാശാലകളുമായുള്ള അഫിലിയേഷന്‍ ഇന്ന് മര്‍കസിനുണ്ട്. ഈ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് സഹകരണത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാര്‍ഥികളും പുറം ലോകത്തെ സ്ഥാപനങ്ങളില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ നേട്ടങ്ങളെല്ലാം തന്നെ ഈ സമുദായത്തിന് അര്‍ഹതപ്പെട്ടതാണ്. അവരുടെ കഴിവും ശേഷിയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടത്തക്ക വിധത്തിലാണ് നോളജ് സിറ്റിയിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും മര്‍കസ് സംവിധാനിച്ചിരിക്കുന്നത്.
മര്‍കസ് അതിന്റെ പ്രവര്‍ത്തനങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി ശക്തമായി വ്യാപിപ്പിച്ച രണ്ടു വര്‍ഷങ്ങളാണ് കടന്നു പോയത്. ഗുജറാത്ത്, വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങള്‍ എന്നിവയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്ഥലങ്ങള്‍. അതിന്റെയൊക്കെ ഗുണഫലങ്ങള്‍ നാം കണ്ടുതുടങ്ങുകയും ചെയ്തു.
രാജ്യത്തിനും ജനങ്ങള്‍ക്കുമൊപ്പമാണ് മര്‍കസിന്റെ നില്‍പ്പ്. ഈ താത്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തികളാണ് മര്‍കസ് ഇപ്പോഴും ഏറ്റെടുത്തു നടത്താറുള്ളത്. മര്‍കസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ല. അര്‍ഹരായ ഒരാള്‍ക്കുമുന്നിലും മര്‍കസ് അതിന്റെ വാതിലുകള്‍ അടച്ചിടാറില്ല.
നാം ഈ മുപ്പത്തിഏഴാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മര്‍കസിന്റെ താങ്ങും തണലുമായി നിന്ന, പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മുടെ പ്രസ്ഥാനത്തെ ധൈര്യത്തോടെ നയിച്ച താജുല്‍ ഉലമ നമ്മോടൊപ്പം ഇല്ല. താജുല്‍ ഉലമയില്ലാത്ത ആദ്യത്തെ സമ്മേളനമാണിത്. ആ മഹാനുഭാവന്‍ നമുക്ക് കൈമാറിയ ആത്മവിശാസവും ജാഗ്രതയും കൈവിടാതെ സൂക്ഷിക്കണം. പ്രവര്‍ത്തന രംഗത്ത് നമ്മോടൊപ്പം നില്‍ക്കുകയും ഇടയ്ക്കു വെച്ചു നമ്മോടു യാത്ര പറയുകയും ചെയ്ത നിരവധി പണ്ഡിതന്മാരും നേതാക്കളും ഉണ്ട്. അവരുടെയെല്ലാം പാരത്രിക ലോകം അല്ലാഹു സമ്പന്നമാക്കിക്കൊടുക്കട്ടെ.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന മര്‍കസിന്റെ വാര്‍ഷിക സമ്മേളനത്തിലേക്ക് മര്‍കസിന്റെ ഓരോ അഭ്യുദയകാംക്ഷിയേയും ക്ഷണിക്കുന്നു. മര്‍കസ് നിങ്ങളുടേത് കൂടിയാണ്. മര്‍കസ് എന്ന പ്രത്യാശയെ മുന്നോട്ടുകൊണ്ടുപോകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ ഞങ്ങളോടൊപ്പം നിങ്ങളെല്ലാവരും ഉണ്ടാകണം.