ഇന്ത്യയെ പേസ് കാട്ടി പേടിപ്പേക്കേണ്ടെന്ന് ഓസീസിനോട് ധോനി

Posted on: December 16, 2014 8:28 pm | Last updated: December 16, 2014 at 8:28 pm

dhoniബ്രിസ്‌ബേന്‍: പേസ് വിക്കറ്റുകള്‍ കാട്ടി ഇന്ത്യയെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. ഓസ്‌ട്രേലിയക്കെതിരെ ഇന്ന് ബ്രിസിബേനിലെ ഗാബയില്‍ തുടങ്ങാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസ് ബൗളര്‍മാരെ അമിതമായി തുണയ്ക്കുന്ന പിച്ചാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധോനി. കണക്കുകള്‍ നോക്കിയാല്‍ ഗാബയിലെ ഇന്ത്യന്‍ റെക്കോര്‍ഡ് അത്ര മികച്ചതല്ലായിരിക്കാം. എന്നാല്‍ ജൊഹ്നാസ്ബര്‍ഗ്, പെര്‍ത്ത്, ഡര്‍ബന്‍ തുടങ്ങിയ അതിവേഗ പിച്ചുകളില്‍ ഇന്ത്യന്‍ ടീം മുമ്പ് ജയം നേടിയിട്ടുണ്ടെന്നകാര്യം മറക്കരുതെന്നും ധോനി ഓസീസിനെ ഓര്‍മ്മിപ്പിച്ചു.

ടീമിലെ യുവതാരങ്ങള്‍ക്ക് ഗാബ ടെസ്റ്റ് വെല്ലുവിളിയായിരിക്കും. എന്നാല്‍ അവര്‍ ആ വെല്ലുവിളി ഏറ്റുടുക്കാന്‍ പ്രാപ്തരാണെന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും ധോനി പറഞ്ഞു. ഗാബയില്‍ ടീമില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന കാര്യം ധോണി വ്യക്തമാക്കിയില്ലെങ്കിലും രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. വാലറ്റത്ത് ബാറ്റ് ചെയ്യാനുള്ള അശ്വിന്റെ കഴിവ് കൂടി കണക്കെടുത്താകും തീരുമാനമെന്ന് ധോനി പറഞ്ഞു.

നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കൊഹ്‌ലിയുടെ പ്രകടനം അസാമാന്യമായിരുന്നുവെന്നും ധോനി പറഞ്ഞു. ഗാബയില്‍ 26 വര്‍ഷമായി ഓസ്‌ട്രേലിയ ടെസ്റ്റ് തോറ്റിട്ടില്ല. 1988ല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വെസ്റ്റിന്‍ഡീസിനോടാണ് ഓസീസ് ഗാബയില്‍ അവസാനമായി അടിയറവ് പറഞ്ഞത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തോല്‍വി ഏറ്റുവാങ്ങിയത്. 2003ല്‍ സൗരവ് ഗാംഗുലി സെഞ്ചുറി നേടിയ ഗാബയിലെ മത്സരത്തില്‍ ഇന്ത്യ സമനില നേടിയിരുന്നുവെന്നും ധോനി പറഞ്ഞു.