Connect with us

Wayanad

നീതി ലഭ്യതക്ക് കാലതാമസം ഒഴിവാക്കണം: ആഭ്യന്തര മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: ജനങ്ങള്‍ക്ക് കാലതാമസം കൂടാതെ നീതി ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കണമെന്ന് സംസ്ഥാന അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 7.38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആറ് നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വയനാട് ജുഡീഷ്യല്‍ ജില്ലയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി കെ ജയലക്ഷ്മി നിര്‍വ്വഹിച്ചു. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തി.
നീതിനിര്‍വ്വഹണ സംവിധാനങ്ങളുടെ കാലതാമസം ഇറ്റലി പോലുള്ള വികസിത രാജ്യങ്ങളില്‍പോലും നീതി നടത്തിപ്പ് മാഫിയകളുടെ വളര്‍ച്ചക്ക് വളംവെച്ചു. നമ്മുടെ രാജ്യത്ത് ഈയൊരു അവസ്ഥ ഉണ്ടാവാന്‍ പാടില്ല. അദാലത്തുകളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും പരമാവധി വ്യവഹാരങ്ങള്‍ പരിഹരിക്കാനാണ് സുപ്രീംകോടതി തന്നെ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അഭ്യന്തര മന്ത്രി പറഞ്ഞു.
3973 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന കോടതി സമുച്ചയ കെട്ടിടത്തില്‍ മൂന്ന് ലിഫ്റ്റുകളും അഗ്നിശമന സംവിധാനങ്ങളും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ആറ് നിലയാണ് വിഭാവനം ചെയ്യുന്നതെങ്കിലും ആദ്യഘട്ടമായി അഞ്ചുനില പണിയാനാണ് ഉദ്ദേശ്യം.
താഴത്തെ നിലയില്‍ പാര്‍ക്കിങ്ങ്, ബാര്‍ അസോസ്സിയേഷന്‍ ഹാള്‍, ലൈബ്രറി, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, വനിതാ അഭിഭാഷകരുടെ മുറി, ഇലക്ട്രിക്കല്‍ റൂം എന്നിവയും ഒന്നാം നിലയില്‍ എം എ സി റ്റി കോടതിയും രണ്ടാം നിലയില്‍ ജില്ലാ കോടതിയും നാലാം നിലയില്‍ കുടുംബ കോടതിയുമാണ് പ്രവര്‍ത്തിക്കുക. ഒന്നര വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ പി പി ആലി, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. നീലിക്കണ്ടി സ്വാദിഖ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, ജില്ലാ ഗവ. പ്ലീഡര്‍ പി അനുപമന്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് കെ നാണു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest