Connect with us

International

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയെന്ന് സര്‍ക്കാര്‍

Published

|

Last Updated

ദമാസ്‌കസ്: സിറിയയിലെ ദമാസ്‌കസ് പ്രവിശ്യയില്‍ രണ്ട് സര്‍ക്കാര്‍ നിയന്ത്രിത മേഖലകളില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയതായി സിറിയ. ഇതില്‍ ഒന്ന് ദമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്‌റാഈല്‍ ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല. ദിമാസിലും ദമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവുമാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ ഇഖ്ബാരിയ്യ ടി വിയും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അക്രമണം നടന്ന ഉടന്‍ സിറിയന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇസ്‌റാഈലിന്റെതെന്ന് പ്രസ്താവനയില്‍ സിറിയ ചൂണ്ടിക്കാട്ടി.
2011ല്‍ സിറിയയില്‍ അറബ് വിപ്ലവത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നിരവധി തവണ ഇസ്‌റാഈല്‍ ഇവിടെ വ്യോമാക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയ പ്രദേശങ്ങളിലൊന്ന് സിറിയന്‍ സര്‍ക്കാറിന്റെ സൈനിക മേഖലയാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ ജെറ്റുകളെ ആക്രമിക്കാന്‍ തൊടുത്തുവിട്ട സിറിയയുടെ മിസൈലുകളുടെ വീഡിയോകളും സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമായിട്ടുണ്ട്.
വര്‍ഷങ്ങളായി ഇസ്‌റാഈലും സിറിയയും യുദ്ധസമാനമായ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 1967ല്‍ ഗോലാന്‍ കുന്നുകള്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇസ്‌റാഈലിന്റെ ഈ അധിനിവേശത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest