Connect with us

International

വിഴുങ്ങിയില്ല; അനക്കോണ്ട വരിഞ്ഞപ്പോഴേക്കും പോള്‍ തോറ്റു

Published

|

Last Updated

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനക്കോണ്ടക്ക് സ്വയം ഇരയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട പോള്‍ റോസോലിയെന്ന സാഹസികനായ യുവാവ് പാമ്പിന് മുന്നില്‍ പത്തിമടക്കി. ഭക്ഷണമാക്കാനായി അനക്കോണ്ട ചുറ്റിവരിഞ്ഞപ്പോഴേക്കും പോളിന്റെ വീര്യം ചോര്‍ന്നു. വിഴുങ്ങാനായി ഹെല്‍മറ്റടക്കം തലയുടെ പകുതി ഭാഗം അനക്കോണ്ട അകത്താക്കിയതോടെ പ്രാണനു വേണ്ടിയുള്ള വെപ്രാളമായി. ഒടുവില്‍ അനക്കോണ്ടയെ മയക്കി പോളിന്റെ ജീവന്‍ രക്ഷിച്ചു. നേരത്തെ കേട്ടതെല്ലാം വെറും കഥകള്‍. ഷോ അമേരിക്കയില്‍ സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകര്‍ പ്രകോപിതരായിരിക്കുകയാണ്.

ഡിസ്‌കവറി ചാനലിന്റെ ഒരു ടി വി ഷോക്ക് വേണ്ടിയാണ് പോള്‍ അതിസാഹസികതക്ക് തയ്യാറായി ഇറങ്ങിപ്പുറപ്പെട്ടത്. അനക്കോണ്ടക്ക് ജീവനോടെ താന്‍ ഇരായാകുമെന്നും പിന്നീട് രക്ഷപ്പെടുമെന്നും പ്രഖ്യാപിച്ച പോളിന് പക്ഷേ അത് പാലിക്കാനായില്ല. അനക്കോണ്ടയുടെ വായ്മുഖത്ത് എത്തിയപ്പോഴേക്കും പോളിന് തോറ്റോടേണ്ടിവന്നു. അനക്കോണ്ട പോളിനെ വിഴുങ്ങിയതായും അനക്കോണ്ടയുടെ വയറ്റിലൂടെ പോള്‍ സഞ്ചരിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ ഈറ്റിംഗ് എലൈവ് എന്ന ഷോയിലൂടെ ഡിസ്‌കവറി ചാനല്‍ പ്രക്ഷേപണം ചെയ്യുമെന്നുമായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഈ വീരവാദങ്ങളെല്ലാം വെറുംവാക്കായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിഴുങ്ങുന്നതിന് മുമ്പായി അനക്കോണ്ട ചുറ്റിവരിഞ്ഞതോടെ തന്നെ വേദന സഹിക്കവയ്യാതെ പോള്‍ തളര്‍ന്നു. ഇതിനിടെ അനക്കോണ്ട തലയുടെ പകുതി ഭാഗം വായയിലാക്കിയതോടെ പ്രാണഭയത്താല്‍ നിലവിളിച്ച പോളിനെ ഡോക്ടര്‍മാരുടെ സഹായത്താല്‍ രക്ഷപ്പെടുത്തുകയായിരുന്നു. പാമ്പിനെ മയക്കിയാണ് പോളിനെ രക്ഷപ്പെടുത്തിയത്.

മഴക്കാടുകള്‍ക്കിടയില്‍ ദശാബ്ദത്തോളം ചെലവഴിച്ചതാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് പോള്‍ നേരത്തെ പറഞ്ഞിരുന്നു. അനാകോണ്ട ശ്വാസംമുട്ടിക്കുന്നത് ഒഴിവാക്കാന്‍ വിദഗ്ധര്‍ പോളിനായി കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഒരു സ്യൂട്ട് തയ്യാറാക്കിയിരുന്നു. ഇതില്‍ ശ്വസിക്കാനുള്ള സംവിധാനം, ക്യാമറകള്‍, ആശയവിനിമയത്തിനുള്ള സംവിധാനം എന്നിവയും ഒരുക്കിയിരുന്നു. 60 ദിവസത്തോളം കാട്ടില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ആറ് മീറ്റര്‍ നീളമുള്ള പെണ്‍ പാമ്പിനെ കണ്ടെത്തിയത്.

പരിപാടിക്കിടെ പാമ്പ് ആദ്യം പോളിനെ വിഴുങ്ങാന്‍ ശ്രമിക്കാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. തുടര്‍ന്ന് പോള്‍ പാമ്പിനെ പ്രകോപിതനാക്കിയപ്പോഴാണ് പാമ്പ് പോളിനുനേരെ തിരിഞ്ഞത്.