പച്ചത്തേയിലക്ക് വിലയില്ല; നീലഗിരിയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

Posted on: December 8, 2014 1:26 pm | Last updated: December 8, 2014 at 1:26 pm

tea plantationഗൂഡല്ലൂര്‍: പച്ചതേയിലക്ക് വിലയില്ല നീലഗിരി ജില്ലയിലെ തേയില കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഇത്കാരണം ജില്ലയിലെ ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. തേയിലക്ക് മുമ്പെങ്ങുമില്ലാത്ത വിലതകര്‍ച്ചയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. പച്ചതേയിലക്ക് ന്യായമായ വില ലഭിക്കാത്തതിനാല്‍ ചെറുകിട കര്‍ഷകരാണ് ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചതേയിലക്ക് വിലയില്ല പക്ഷേ തേയിലകൊണ്ട് ഉത്പാദിപ്പിക്കുന്ന ചായപ്പൊടിക്ക് വന്‍വിലയാണ് താനും. സ്വകാര്യ ഫാക്ടറികള്‍ പത്ത് രൂപയില്‍ കുറയാത്ത വില കര്‍ഷകര്‍ക്ക് നല്‍കുമ്പോള്‍ ചെറുകിട കര്‍ഷകരുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ഫാക്ടറികളില്‍ 6 രൂപയും 6.30 രൂപയുമാണ് വില. ഇന്‍കോ ഫാക്ടറികളില്‍ ഉത്പാദിപ്പിക്കുന്ന ചായപ്പൊടിക്ക് വിലയില്ലെന്ന് പറയുന്നത് മൗഢ്യമാണ്. ഇന്‍കോ സര്‍വിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ അധികാരികളാല്‍ നോമിനേറ്റ് ചെയ്ത ബോര്‍ഡ് അംഗങ്ങള്‍ക്കോ ഇന്‍കോ സര്‍വ് അംഗങ്ങള്‍ക്കോ കഴിയുന്നില്ല. പരമാധികാരികളായി പ്രവര്‍ത്തിക്കുന്ന ഇന്‍കോ സര്‍വ് അധികാരികള്‍ ചെറുകിട കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കുന്നില്ല. ചെന്നൈ ഹൈക്കോടതിയുടെ 12.10.2012ലെ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ടീബോര്‍ഡിന്റെയും നിര്‍ദേശ പ്രകാരം നിലവില്‍ വന്ന ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല വിലനിര്‍ണയ കമ്മിറ്റിയുടെ തീരുമാനം ഇതുവരെ വേണ്ടപോലെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. വിലനിര്‍ണയ കമ്മിറ്റി തീരുമാനങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടാണ് സഹകരണ ഫാക്ടറികള്‍ കര്‍ഷകരെ വഞ്ചിക്കുന്നത്. വിപണിയിലുള്ള ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ചെറുകിട തേയില കര്‍ഷകര്‍ നേരിയുന്ന പ്രശ്‌നങ്ങള്‍ ശാസ്ത്രീയപരമായ സമീപനത്തോടെയും മാനുഷിക പരിഗണനയോടും കൂടി പരിഹരിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പച്ചതേയില ഉത്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്കുണ്ടാവുന്ന ചെലവുകള്‍ കൂടി പരിഗണിച്ച് വേണം വില നിര്‍ണയിക്കാന്‍. ഈ നില തുടര്‍ന്നാല്‍ ചെറുകിട തേയില കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ മറ്റു വഴികളുണ്ടാവുകയില്ല. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചെലവുകള്‍ തൊഴിലാളികളുടെ അഭാവം തുടങ്ങിവയെല്ലാം കാര്‍ഷിക മേഖല ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രതിസന്ധികളാണ്. പച്ചതേയിലയുടെ വിലയിടിവ് കാരണം മിക്ക കര്‍ഷകരും തോട്ടത്തില്‍ ജോലിയെടുക്കുന്നില്ല. ചപ്പ് എടുക്കാനും തയ്യാറാകുന്നില്ല. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ എത്രയോ ചെറുകിട കര്‍ഷകര്‍ ഈ അവസ്ഥയിലാണുള്ളത്. തോട്ടങ്ങള്‍ കാടുമൂടി കിടക്കുന്ന അവസ്ഥയിലാണ്. തേയില കര്‍ഷകരെ സംരക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ തയ്യാറാകുന്നില്ല. ജില്ലയില്‍ സഹകരണ ഫാക്ടറികളില്‍ 22,000 ചെറുകിട കര്‍ഷകര്‍ അംഗങ്ങളാണ്. 15 സഹകരണ ഫാക്ടറികളും, നൂറില്‍പ്പരം സ്വകാര്യ ഫാക്ടറികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ 60 ശതമാനവും തേയില കര്‍ഷകരാണ്. തേയിലയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഏറെയും. തേയിലക്ക് മതിയായ വില ലഭ്യമാകാത്തതിനാല്‍ നീലഗിരിയിലെ സാമ്പത്തിക മേഖല തകര്‍ച്ചാഭീഷണിയിലാണുള്ളത്.