കാസര്‍കോട്ടെ കുട്ടികള്‍ ഭിന്നശേഷിയുള്ളവരായതിനു പിന്നില്‍ സര്‍ക്കാര്‍: സി ആര്‍ നീലകണ്ഠന്‍

Posted on: December 4, 2014 12:17 am | Last updated: December 3, 2014 at 10:18 pm

കാസര്‍കോട്: ജില്ലയിലെ കുട്ടികള്‍ ഭിന്നശേഷിയുള്ളവരായതിന്റെ ഉത്തരവാദി സര്‍ക്കാറാണെന്നും അതുകൊണ്ടുതന്നെ ബഡ്‌സ് സ്‌കൂള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
മലിനീകരണം കൊണ്ടും ഭക്ഷണത്തിലെ കീടനാശിനികളും മറ്റുംമൂലം കൂടുതല്‍ പേര്‍ ഭിന്നശേഷിയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ളവരുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന കടമയായി മാറിയിരിക്കുന്നു. പക്ഷെ സര്‍ക്കാറും സമൂഹവും ഒരു പാഠവും പഠിക്കുന്നില്ലെന്നതാണ് ദുരന്തം. മനുഷ്യരെ കൂടുതല്‍ രോഗികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.
ബഡ്‌സ് സ്‌കൂള്‍ വികസന സമിതി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. മാധവപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡി സുരേന്ദ്രനാഥ്, പി പി കെ പൊതുവാള്‍, നാരായണന്‍ പേരിയ, കെ കെ നായര്‍, പി മുരളീധരന്‍, പി കെ അബ്ദുല്ല, മേരി കണ്ണന്‍, ഉഷ പാലക്കുന്ന്, മുഹമ്മദ് കോളിയടുക്കം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മിസ്‌രിയ ചെങ്കള, ഹമീദ് സീസണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീസ അമ്പലത്തറ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.