Connect with us

Gulf

സിറാജ് വാര്‍ത്ത തുണയായി, ഐ സി എഫ് സാന്ത്വനമായെത്തി; നിഷാദ് നാട്ടിലേക്ക്

Published

|

Last Updated

ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ ചികിത്സക്കു വകയില്ലാതെ വിഷമിച്ചിരുന്ന തൃശൂര്‍, ചേര്‍പ്പ് സ്വദേശി നിഷാദിനു ഐ സി എഫ് സാന്ത്വനമായി. നിഷാദിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ട ഐ സി എഫ് സാന്ത്വന സമിതി യുവാവിന്റെ ചികിത്സക്കായി വന്‍തുക കൈമാറി. യുവാവിന്റെ ദയനീയാവസ്ഥയെക്കുറിച്ച് “സിറാജ്” റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സഹായത്തിനായി രംഗത്തിറങ്ങിയ സാന്ത്വന സമിതി വന്‍തുക സ്വരൂപിച്ച് കൈമാറുകയായിരുന്നു.
ഐ സി എഫ് ഉപാധ്യക്ഷന്‍ കബീര്‍ മാസ്റ്റര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി പി കെ സി മുഹമ്മദ് സഖാഫി, വൈസ് പ്രസിഡന്റ് ഹസൈനാര്‍ സഖാഫി, സാന്ത്വന സമിതി സെക്രട്ടറി ഫാറൂഖ് മാണിയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി തുക നിഷാദിനെ ഏല്‍പിച്ചു. ധനസഹായത്തെത്തുടര്‍ന്ന് നിഷാദ് വിദഗ്ധ ചികിത്സക്കായി ബന്ധുക്കളോടൊപ്പം ഇന്നലെ നാട്ടിലേക്ക് യാത്ര തിരിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിഷാദ് ചികിത്സയിലാണ്. ആശുപത്രിച്ചിലവ് മാത്രം ഏകദേശം 22,000 ഓളം ദിര്‍ഹമായിരുന്നു. ഇത്രയും ഭീമമായ തുക നിര്‍ദ്ധനനായ നിഷാദിനു കൊടുക്കാന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യമറിഞ്ഞ പൊതു പ്രവര്‍ത്തകനായ അബ്ദുസ്സലാം പാപ്പിനിശ്ശേരി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് തുകയൊന്നും വാങ്ങാതെ ഒഴിവാക്കിച്ചു. ഇതാകട്ടെ യുവാവിനു ഏറെ സഹായകമായി. മാത്രമല്ല, അപകടക്കേസുകളിലും അദ്ദേഹം ഇടപെട്ട് യുവാവിന് അനുകൂലമായ നിലപാട് കൈക്കൊള്ളിപ്പിച്ചു. അദ്ദേഹം ധനസഹായവും നല്‍കുകയുണ്ടായി.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ നിഷാദിനു 2,000 ദിര്‍ഹം സഹായധനമായി നല്‍കി. കൂടാതെ മറ്റു നിരവധി സംഘടനകളും വ്യക്തികളും ആശുപത്രിയിലെത്തി നിഷാദിനു തുക കൈമാറി.
ഷാര്‍ജ വ്യവസായ മേഖലയിലെ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടയിലെ ജീവനക്കാരനായ നിഷാദ് സൈക്കിളില്‍ സഞ്ചരിക്കവെയാണ് അപകടത്തില്‍പെട്ടത്. കാറും ട്രക്കറും ഇടിച്ചതിനെത്തുടര്‍ന്ന് ആന്തരാവയവങ്ങള്‍ പുറത്ത് ചാടുകയും ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.
നിര്‍ദ്ധന കുടുംബത്തിന്റെ അത്താണിയാണ് അവിവാഹിതനും 28 കാരനുമായ നിഷാദ്. അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ നിഷാദിനു വിദഗ്ധ ചികിത്സ നിര്‍ദേശിച്ച ഡോക്ടര്‍ അടിയന്തിര മേജര്‍ ശസ്ത്രക്രിയയും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഒരു നേരത്തെ ഭക്ഷണത്തിനുപോലും വിഷമിച്ചിരുന്ന നിഷാദിന്റെ കുടുംബത്തിനു വിദഗ്ധ ചികിത്സ അസാധ്യമായിരുന്നു. കുടുംബത്തിന്റെയും നിഷാദിന്റെയും ദയനീയാവസ്ഥ സിറാജ് പ്രസിദ്ധീകരിച്ചതാണ് യുവാവിനു തുണയായത്.