Connect with us

Palakkad

ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ഒഡീഷ സംഘമെത്തി

Published

|

Last Updated

പാലക്കാട്: ഒഡീഷയില്‍ നിന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ 58 അംഗ സംഘം പാലക്കാടെത്തി. പഞ്ചായത്തിരാജ് വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടറായ പട്‌നായികാണ് സംഘത്തെ നയിക്കുന്നത്.
ഒഡീഷയിലെ എട്ട് ഗോത്ര വര്‍ഗ ജില്ലകളിലെ ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും ഉള്‍പ്പെട്ട സംഘം മൂന്ന് ദിവസം ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ സന്ദര്‍ശിക്കും. ആദ്യ ദിവസം ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ സംഘത്തിന് മീറ്റിങ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്റെ നേതൃത്വത്തില്‍ സ്വികരണം നല്‍കി.
കേരളത്തിന്റെ നെല്ലറയിലെത്തിയ ഒഡീഷ സംഘാംഗങ്ങളെ കതിര്‍കുല നല്‍കിയാണ് ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ വരവേറ്റത്.
ജില്ലാ പഞ്ചായത്തിന്റേ ഭരണസംവിധാനം, ആസൂത്രണം, പ്രവര്‍ത്തന രീതികള്‍, ഉദേ്യാഗസ്ഥ സംവിധാനം, ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് വിശദീകരിച്ചു. 31 പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 50 ജനപ്രതിനിധികളും എട്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് സംഘം.
മലമ്പുഴ ഡാമും ജില്ലാ ആശുപത്രിയും പാലക്കാട് കോട്ടയും സംഘം സന്ദര്‍ശിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടുന്നതിനും പഞ്ചായത്ത് പ്രതിനിധികള്‍ പരിശീലനവും ബോധവത്ക്കരണവും നടത്തുന്നതിനും പാലക്കാടിന്റെ മികച്ച മാതൃകകള്‍ ഒഡീഷയില്‍ നടപ്പാക്കുന്നതിനുമാണ് സംഘം മൂന്ന് ദിവസം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്.
ഒഡീഷയില്‍ നിന്ന് പഞ്ചായത്ത് രാജ് വകുപ്പ് ആദ്യമായി നിയോഗിച്ച സംഘമാണിത്. കര്‍ണ്ണാടക, മഹാരാഷ്ട്ര, സംസ്ഥാനങ്ങളും സംഘം പിന്നീട് സന്ദര്‍ശിക്കും.

Latest