ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കി

Posted on: November 29, 2014 5:44 pm | Last updated: November 30, 2014 at 5:48 pm

husni mubarakകൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ ചുമത്തിയ കൊലപാതക, അഴിമതി കേസുകള്‍ കോടതി തള്ളി. 2011ല്‍ നടന്ന തഹ്‌രീര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല നടത്തിയെന്ന കേസിലാണ് ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കിയത്. മുബാറക്കിനു പുറമെ അന്നത്തെ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലി ഉള്‍പ്പെടെ ഏഴ് പേരെയും കോടതി വെറുതെ വിട്ടു. ഇസ്‌റാഈലിലേക്ക് വാതകം കയറ്റുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന കേസിലും മുബാറക്കിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസില്‍ മുബാറക്കിന്റെ മക്കളായ അല, ജമാല്‍ എന്നിര്‍ക്കെതിരായ ആരോപണവും ചീഫ് ജഡ്ജി മഹ്മൂദ് കമാല്‍ അല്‍ റാശിദി തള്ളി.
ഈ രണ്ട് കേസുകളില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും മുബാറക്കിന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. പൊതുപണം കൊള്ളയടിച്ചെന്ന കേസില്‍ നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഈ കേസില്‍ മൂന്ന് വര്‍ഷത്തെ വീട്ടുതടങ്കലിന് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഇപ്പോള്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. കോടതി വിധി പഠിച്ചതിനു ശേഷം അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പ്രക്ഷോഭക്കാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുബാറക്കിനെയും അന്നത്തെ ആഭ്യന്തര മന്ത്രിയെയും ആറ് ഉദ്യോഗസ്ഥരെയും കോടതി ജീവപര്യന്തം തടവിന് 2012ല്‍ ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പുനര്‍വിചാരണക്ക് ഉത്തരവിട്ടത്. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ എണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാല്‍, 239 പേര്‍ കൊല്ലപ്പെട്ടതിന്റെയും 1,588 പേര്‍ക്ക് പരുക്കേറ്റതിന്റെയും രേഖകള്‍ മാത്രമാണ് വിചാരണക്കിടെ കോടതി പരിശോധിച്ചത്.