കോണ്‍ഗ്രസുകാരന്റെ കൃഷിഭൂമിയില്‍ സി പി എം പ്രവര്‍ത്തകര്‍ കൊടിനാട്ടി; നേതൃത്വം ഇടപെട്ട് മാറ്റി

Posted on: November 29, 2014 11:46 am | Last updated: November 29, 2014 at 11:46 am

മാനന്തവാടി: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പാടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്ത് സി പി എം പ്രവര്‍ത്തകന്‍ കൊടിനാട്ടി. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ട് കൊടി പറിച്ചുമാറ്റി.
പ്രസ്തുതസ്ഥലത്ത് തൃശ്ശിലേരി ആനപ്പാറകുറിച്യന്‍മൂല പ്രവീണ്‍ അഞ്ച് വര്‍ഷമായി പാട്ടത്തിനെടുത്ത് തീറ്റപ്പുല്‍കൃഷി ചെയ്തുവരികയായിരുന്നു. തൃശ്ശിലേരി വരിനിലം പി കെ നാരായണന്റെ 23 സെന്റ് സ്ഥലത്താണ് പ്രവീണ്‍ കൃഷി ചെയ്തുവരുന്നത്. പ്രവീണിന് ഇവിടെ തന്നെ മൂന്ന് ഏക്കറോളം നെല്‍കൃഷിയുമുണ്ട്. ആദിവാസി ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സ്ഥലത്ത് കൊടിനാട്ടുകയും ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളെത്തിയതോടെ സി പി എം നേതൃത്വം ഇടപെട്ട് കൊടി പറിച്ചുമാറ്റുകയായിരുന്നു.