Connect with us

Kerala

ഫാക്ട് അമോണിയ പ്ലാന്റിന്റെ പ്രവര്‍ത്തനം നാല് ആഴ്ചക്കകം പുനരാരംഭിക്കും

Published

|

Last Updated

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ഫാക്ടിന്റെ അമോണിയ പ്ലാന്റും കാപ്രോലാക്ടം പ്ലാന്റും വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനം. ദ്രവീകൃത പ്രകൃതിവാതക(എല്‍ എന്‍ ജി)ത്തിനുള്ള മൂല്യവര്‍ധിത നികുതി(വാറ്റ്) ഒഴിവാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും എല്‍ എന്‍ ജിയുടെ വില ഗണ്യമായി കുറഞ്ഞതുമാണ് പ്ലാന്റുകള്‍ പുനരാരംഭിക്കാന്‍ ഇടയാക്കിയത്. ഫാക്ടിന്റെ അമോണിയപ്ലാന്റ് നാല് ആഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫാകട് സി എം ഡി ജയ്‌വീര്‍ ശ്രീവാസ്തവ പറഞ്ഞു. അധികം വൈകാതെ തന്നെ കാപ്രോലാക്ടം പ്ലാന്റും പ്രവര്‍ത്തനസജ്ജമാക്കും. നിലവിലെ എല്‍ എന്‍ ജിയുടെ വിലക്കുറവാണ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഫാക്ടിന് അമോണിയ പ്ലാന്റുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ എന്‍ ജിയുടെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് അമോണിയ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഫാക്ടിന്റെ ഉത്പാദനം ഗണ്യമായി വെട്ടിക്കുറയ്‌ക്കേണ്ടിവന്നിരുന്നു. 60 മുതല്‍ 70 ശതമാനം വരെയാണ് ഉത്പാദനത്തില്‍ കുറവുവരുത്തിയിരുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം എന്‍ എന്‍ ജി ഉപയോഗിക്കാന്‍ തുടങ്ങിയ സമയത്ത് ഫാക്ടിന്റെ ഉത്പാദനം 120 ശതമാനത്തോളമായി ഉയര്‍ന്നിരുന്നു. 24.53 ഡോളര്‍ ആണ് ഒരു എം എം പി ടി യൂനിറ്റ് എല്‍ എന്‍ ജിക്ക് ഫാക്ട് അന്ന് നല്‍കിയിരുന്നത്. നിലവില്‍ 15 ഡോളര്‍ ആണ് ഒരു എം എം പി ടി എല്‍ എന്‍ ജിയുടെ വില. ഒരു എം എം പി ടി യൂനിറ്റ് എല്‍ എന്‍ ജി 13 ഡോളറിന് ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ കമ്പനി ലാഭകരമാക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഫാക്ട് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ എല്‍ എന്‍ ജി വില 15 ഡോളറിലെത്തുകയും സംസ്ഥാന സര്‍ക്കാര്‍ വാറ്റ് ഒഴിവാക്കിനല്‍കുകയും ചെയ്തതോടെ 13.47 ഡോളറിന് ഒരു എം എം പി ടി യൂനിറ്റ് എല്‍ എന്‍ ജി ലഭിക്കുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യങ്ങള്‍ എല്‍ എന്‍ ജിയുടെ വില ഇനിയും കുറയ്ക്കുന്നതിന് സഹായകരമാണെന്നും ജയ്‌വീര്‍ ശ്രീവാസ്തവ പറഞ്ഞു.
എല്‍ എന്‍ ജിക്ക് വില 24 ഡോളറായി ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ജനുവരിയില്‍ അമോണിയപ്ലാന്റ് അടച്ചുപൂട്ടിയത്. പൂട്ടിക്കിടന്ന പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് മുതല്‍ എഴ് കോടി രൂപ വേണ്ടിവരുമെന്നും ജയ് വീര്‍ ശ്രീവാസ്തവ പറഞ്ഞു.
ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ പരിഗണനയിലാണെന്നും വളരെ പെട്ടെന്നുതന്നെ അനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫാക്ടിനെ പീഡിത വ്യവസായങ്ങളുടെ പട്ടികയില്‍ പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ (ബി ഐഎഫ് ആര്‍) നടത്താനിരുന്ന തെളിവെടുപ്പിന്റെ കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് കേന്ദ്രരാസവള മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം ബി ഐ എഫ് ആര്‍ തെളിവെടുപ്പ് മാറ്റിവെക്കുന്നത്.
ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മൂന്ന് മാസക്കാലാവധിക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ഫാക്ടിന് പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അനുവദിച്ചാലേ സ്ഥാപനത്തിന് നിലനില്‍ക്കാനാകൂ. ഉദ്യോഗമണ്ഡലില്‍ ഫാക്ടിനുള്ള 150 ഏക്കറില്‍ ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം ഫാക്ട് ഡയറക്ടര്‍ബോര്‍ഡ് യോഗം നിരസിച്ചിട്ടുള്ളതാണെന്ന് ശ്രീവാസ്തവ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ സ്ഥലം കൈമാറുന്നതിനുള്ള തീരുമാനം എടുത്താല്‍ എതിര്‍ക്കാനാകില്ലെന്നും നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ചില ത്യാഗങ്ങള്‍ ഫാക്ടിന് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമോണിയ പ്ലാന്‍ുള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഫാക്ടിന് പ്രതിമാസം എഴു മുതല്‍ എട്ട് കോടി വരെ നഷ്ടം കുറയ്ക്കാന്‍ കഴിയുമെന്നും ഫാക്ടിന്റെ പ്രശ്‌നങ്ങളെ പുതിയ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest