Connect with us

Malappuram

അക്ഷര നഗരിയില്‍ ശാസ്ത്ര കൗതുകം

Published

|

Last Updated

തിരൂര്‍: അക്ഷര നഗരിയില്‍ ശാസ്ത്ര മാമാങ്കത്തിന് അരങ്ങേറ്റം. ബുദ്ധിയും ചിന്തകളും ഇഴചേരുന്ന കണ്ടെത്തലുകളും കൗതുകത്തിനൊപ്പം നാടിന് നാളെക്ക് സമര്‍പ്പിക്കാനാകുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുമായി വിദ്യാര്‍ഥികള്‍ നാല് ദിനങ്ങള്‍ നമ്മെ കാത്തിരിക്കും. രാവിലെ പൊതു വിദ്യാഭാസ ഡയറക്ടര്‍ എല്‍ രാജന്‍ പതാക ഉര്‍ത്തിയതോടെയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലേക്കുളള രജിസ്‌ട്രേഷനും പ്രവേശനവും ആരംഭിച്ചത്. തുടര്‍ന്ന് പന്തല്‍ സമര്‍പ്പണവും സുവനീര്‍ പ്രകാശനവും നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരി പാല്‍ കാച്ചല്‍ ചടങ്ങ് നിര്‍വഹിച്ചതോടെ മേളയിലെ ഊട്ടുപുരയും ഉണര്‍ന്നു. തൊണ്ണൂറ് ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 5100 മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു.
വൊക്കേഷണല്‍, ഐ ടി വിഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തിലെ പ്രധാന വേദിയായ തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓരോ ജില്ലകള്‍ തിരിച്ചായിരുന്നു രജിസ്‌ട്രേഷന്‍ നടന്നത്. സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്ന് പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിച്ചു. മലബാര്‍ ജില്ലാകൗണ്ടറുകളില്‍ നാല് മണിയോടെ തൊണ്ണൂറ് ശതമാനം രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തിയിരുന്നു.
സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്നും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 381 പേര്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളുള്ളത്. കോഴിക്കോട് ജില്ലയില്‍നിന്നും 380പേരും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 250ല്‍ താഴെ രജിസ്‌ട്രേഷന്‍ ചെയ്ത വയനാട് ജില്ലയില്‍ നിന്നാണ് കുറവ്. ഇന്ന് 10ന് പ്രദര്‍ശന വസ്തുക്കളുടെ പരിശോധനയും ക്രമീകരണവും നടത്തി മൂല്യനിര്‍ണയം നടത്തും. വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍ നാളെ ഏഴ് വേദികളിലായി നടക്കും.

Latest