കേരളോത്സവം: കോഴിക്കോട് കേന്ദ്ര സമിതിയും യുവധാര എലത്തൂരും ഓവറോള്‍ ചാമ്പ്യന്‍മാര്‍

Posted on: November 24, 2014 9:58 am | Last updated: November 24, 2014 at 9:58 am

കോഴിക്കോട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരത്തില്‍ നടന്ന കോര്‍പറേഷന്‍ കേരളോത്സവം സമാപിച്ചു. കലാകായിക മത്സരങ്ങളിലായി കോര്‍പറേഷന് കീഴിലെ നിരവധി കലാ കായിക സംഘടനകളാണ് പെങ്കെടുത്തത്.
കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങളില്‍ കോഴിക്കോട് കേന്ദ്ര സമിതിയും കായിക മത്സരങ്ങളില്‍ യുവധാര എലത്തൂരുമാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. സമാപന സമ്മേളനത്തിന് മുന്നോടിയായി കോര്‍പറേഷന്‍ ജീവനക്കാരുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും കലാ മത്സരങ്ങളും നടന്നു.
കലാമത്സര ഇനത്തില്‍ നാടോടിപ്പാട്ട്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളാണ് ഇന്നലെ ടൗണ്‍ഹാളില്‍ നടന്നത്. നാടോടിപ്പാട്ടിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ഷജില്‍ ആന്‍ഡ് പാര്‍ട്ടി ഒന്നാം സ്ഥാനവും സിദ്ധാര്‍ഥ് ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി.
ഏകാംഗ വിഭാഗത്തില്‍ സിദ്ധാര്‍ഥ് ഒന്നാം സ്ഥാനവും ഫസ്മില്‍ രണ്ടാം സ്ഥാനവും അമല്‍ മൂന്നാം സ്ഥാനവും നേടി.
വഞ്ചിപ്പാട്ട് ഗ്രൂപ്പ് വിഭാഗത്തില്‍ അനഘ ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും ജബീഷ് ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും സിദ്ധാര്‍ഥ് ആന്‍ഡ് പാര്‍ട്ടി മൂന്നാം സ്ഥാനവും നേടി.
മാപ്പിളപ്പാട്ട് മത്സരത്തില്‍ ബാസില്‍ സി ആണ് ഒന്നാം സ്ഥാനം നേടിയത്. സിറാജുദ്ദീന്‍ രണ്ടാം സ്ഥാനവും റിയാസ് ബക്കര്‍ മൂന്നാം സ്ഥാനവും നേടി.
കലാമത്സരത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച ഉപന്യാസ രചന, കഥാ രചന, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍ എന്നീ മത്സരങ്ങളും നടന്നിരുന്നു.
വെള്ളിയാഴ്ച നടന്ന കായിക മത്സരത്തില്‍ പങ്കെടുത്ത് ഭൂരിഭാഗം മത്സരങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടിയാണ് എലത്തൂര്‍ യുവധാര ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഇന്നലെ വൈകുന്നേരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും കലാമത്സരങ്ങളും പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യയും നടന്നു.
മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം നിര്‍വഹിച്ചു. കോര്‍പറേഷന്‍ സ്ഥിരസമിതി അംഗങ്ങളായ ഉഷാ ദേവി, ടി രജനി, അനിതാ രാജന്‍, ജാനമ്മ കുഞ്ഞുണ്ണി പങ്കെടുത്തു.