Connect with us

Ongoing News

മുംബൈ സിറ്റിക്കെതിരെ ചെന്നൈയിന്‍ എഫ് സിക്ക് ജയം

Published

|

Last Updated

മുംബൈ: ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ചെന്നൈയിന്‍ എഫ് സിക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആവേശകരമായ മത്സരത്തിനാണ് മുംബൈ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയം സാക്ഷിയാക്കിയത്. മത്സരത്തിന്റെ 71ാം മിനിറ്റ് വരെ ചെന്നൈയിന്‍ എഫ് സിയെ മുംബൈ പിടിച്ചു നിര്‍ത്തി.

ഗോളുകള്‍ നേടണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ഇരുടീമുകളും കളിച്ചതെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ ആദ്യ പകുതി വിരസമായി. ഇടക്കിടെ ഗോള്‍ മുഖത്ത് ഇരുടീമുകളും അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ ഗാലറി ആര്‍ത്തലച്ചു. എന്നാല്‍ ആരാധകരുടെ ആവേശവും പിന്‍തുണയും ഗോളിന് സഹായിച്ചില്ല. സ്വന്തം മൈതാനത്ത് ഇത്രയധികം ആരാധകരുടെ പിന്‍തുണ നേടാന്‍ കഴിഞ്ഞിട്ടും കാണികളുടെ പ്രതീക്ഷ കാത്തരക്ഷിക്കാന്‍ മുംബൈക്ക് സാധിച്ചില്ല.
ഗോളുകളൊന്നുമില്ലാതെ ഇരുടീമുകളും തമ്മിലുള്ള പേരാട്ടം കനക്കവെ കളിയുടെ 71ാം മിനിറ്റില്‍ പെലിസാരി മുംബൈയുടെ വല കുലുക്കി. ഗോള്‍ വീണതോടെ തിരിച്ചടിക്കാനായി മുംബൈ ആക്രമണം ശക്തമാക്കിയെങ്കിലും പത്ത് മിനിറ്റിനകം 81ാം മിനിറ്റില്‍ മുംബൈയുടെ വല വീണ്ടും കുലുക്കി ചെന്നൈ അവരെ ഞെട്ടിച്ചു. ഇത്തവണ ധനചന്ദ്ര സിംഗില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇതോടെ പ്രതീക്ഷ നഷ്ടപ്പെട്ട മുംബൈയുടെ ശരീരഭാഷയും മോശമായി ആവേശം ചോര്‍ന്ന രീതിയിലായിരുന്നു അവരുടെ പ്രകടനം. ഇതു മുതലെടുത്ത് കൊണ്ട് 89ാം മിനിറ്റില്‍ ചെന്നൈ വീണ്ടും ആഞ്ഞടിച്ചു. ക്രിസ്റ്റ്യന്‍ ഹിഡാല്‍ഗോയാണ് ചെന്നൈയിന്‍ എഫ് സിയുടെ മൂന്നാം ഗോള്‍ നേടിയത്.
ലീഗില്‍ അഞ്ചാം സ്ഥാനവുമായി മൂന്നു ഗോള്‍ രഹിത സമനിലകളുമായി മംബൈയുടെ മുന്നോട്ടുള്ള വഴി തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി കേരള ബഌസ്‌റ്റേഴ്‌സിനെതിരെയും ഗോവക്കെതിരെയും താരതമ്യേന മോശം പ്രകടനമാണ് മുംബൈ പുറത്തെടുത്തത്.