Connect with us

Kozhikode

സര്‍ക്കാറിന്റെ നടപടി വര്‍ഗീയ ശക്തികളുമായുള്ള ബന്ധം തുറന്നുകാട്ടുന്നത്: ഐ എന്‍ എല്‍

Published

|

Last Updated

കോഴിക്കോട്: തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതടക്കം അടുത്തകാലത്തുണ്ടാകുന്ന സര്‍ക്കാറിന്റെ നടപടികള്‍ വര്‍ഗീയ ശക്തികളുമായുള്ള ബന്ധം തുറന്നുകാട്ടുന്നതാണെന്ന് ഐ എന്‍ എല്‍. സാമുദായിക സൗഹാര്‍ദം പിച്ചിചീന്തുന്ന തരത്തില്‍ പ്രസംഗിച്ച തെഗാഡിയക്കെതിരെ കേസെടുത്ത സര്‍ക്കാര്‍, സമയത്തിന് കുറ്റപത്രം നല്‍കാതെ കേസ് ദുര്‍ഭലപ്പെടുത്തുകയും പിന്നീട് പിന്‍വലിക്കുകയുമാണുണ്ടായത്. ഏറെ ഗൗരവുമള്ളതും ദുരൂഹതയുണര്‍ത്തുന്നതുമാണ് സര്‍ക്കാറിന്റെ നടപടിയെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ജന. സെക്രട്ടറി എ പി അബ്ദുല്‍ വഹാബും പ്രസ്താവിച്ചു.
വര്‍ഗീയവാദികള്‍ക്ക് ഉത്തേജനമാകുന്ന തരത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികള്‍ മതനിരപേക്ഷ പാരമ്പര്യത്തിന് തിരിച്ചടിയാകും. മതേതര കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി ജനപക്ഷ യാത്ര നടത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അഭിപ്രായം പറയാന്‍ വി എം സുധീരന്‍ തയ്യാറാകണം. മാറാട് ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായിട്ടാണ് കേസ് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച മുസ്‌ലിംലീഗും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Latest