Connect with us

Articles

ഹാജിയുടെ ജീവിതം

Published

|

Last Updated

അല്ലാഹുവിന്റെ ആതിഥ്യത്തിന് ഭാഗ്യം ലഭിച്ച ഹാജിമാര്‍ സ്വന്തം വീടുകളിലെത്തിയിരിക്കുന്നു; ഇസ്‌ലാമിക ചരിത്രത്തിലേക്കും തറവാട്ടിലേക്കുമുള്ള വിരുന്നുപോക്ക് കഴിഞ്ഞ്. അല്ലാഹുവിന്റെ ഭവനവും തിരുനബിയുടെ റൗളയും സന്ദര്‍ശിച്ച് തിരിച്ചെത്തിയ അനുഭൂതിയിലാണ് അവര്‍. അനാവശ്യവും പാപവും കലരാത്ത ഹജ്ജ് നിര്‍വഹിച്ചാല്‍ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തരാകുമെന്നാണ് നബി (സ) പറഞ്ഞിരിക്കുന്നത്. ആ ഒരു അവസ്ഥയിലാണ് ഹാജിമാരുള്ളത്. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ഥനകള്‍ക്ക് പ്രത്യേക സ്വീകാര്യതയുണ്ട്. ഹാജിമാരോട് ദുആ വസിയ്യത്ത് ചെയ്യല്‍ നല്ലതാണ്.
എപ്പോഴും മാതൃകാ വ്യക്തികളായിരിക്കാന്‍ ഹാജിക്ക് ഉത്തരവാദിത്വമുണ്ട്. ഹജ്ജ് കഴിഞ്ഞു വന്നാല്‍ മത കര്‍മങ്ങളില്‍ മുമ്പത്തേക്കാള്‍ കൃത്യതയും താത്പര്യവും കാണിക്കേണ്ടിയിരിക്കുന്നു. ഹജ്ജ് സ്വീകാര്യമായി എന്നതിന്റെ ലക്ഷണമാണ് ആരാധനാ കര്‍മങ്ങളില്‍ കാണിക്കുന്ന ഉത്സാഹമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധാര്‍മിക പ്രവൃത്തികള്‍ മാത്രമല്ല, അനുചിതമായ കാര്യങ്ങള്‍ പോലും ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുവരെ അയാള്‍ ചെയ്ത ഒരു അനുചിത കാര്യം അയാളുടെ സ്വന്തം പിശകായാണ് കാണുക. എന്നാല്‍ ചീത്ത ഒരു കാര്യം “ഹാജി” ചെയ്താല്‍ അതിന്റെ മോശം അയാളില്‍ മാത്രം ഒതുങ്ങുന്നില്ല. “ഹാജി ചെയ്തു” എന്ന് പറയുന്നതിലൂടെ ഹാജിമാര്‍ക്കാകെയും സമുദായത്തിന് മൊത്തത്തിലും അതിന്റെ ഒരു പഴിചാരല്‍ വരുന്നു. ലക്ഷക്കണക്കായ സാത്വികരായ മഹാന്മാര്‍ ഈ ദുഷ്പ്രവൃത്തിയിലൂടെ അപഹസിക്കപ്പെടുന്നു. സമുദായത്തെയും മതത്തിലെ ഒരു മഹത്തായ തീര്‍ഥാടനത്തെയും സമൂഹമധ്യേ താഴ്ത്തുന്ന പ്രവൃത്തിയാണ് അതിലൂടെ സംഭവിക്കുന്നത്. ഇത് മനസ്സിലാക്കി മാന്യമായ പ്രവൃത്തികള്‍ മാത്രം ചെയ്യാന്‍ ഹജ്ജിനുശേഷം എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് മുക്തമായി എന്ന് നബി (സ) പറഞ്ഞല്ലോ. സാമ്പത്തികവും സാമൂഹികവുമായ കെട്ടുപാടുകള്‍ എല്ലാം ഒഴിവായിക്കൊണ്ടാണ് ഹജ്ജിന് പോയത്. പിണക്കങ്ങളും ദൂഷ്യങ്ങളും പരസ്പരം പൊരുത്തപ്പെടുവിച്ച് ഹജ്ജിന് തിരിച്ചതാണ്. ഈ സാഹചര്യത്തില്‍ പുതിയൊരു ജീവിതവഴി തുറക്കാന്‍ ഹജ്ജിനു ശേഷം സാധിക്കും. തെറ്റായ കാര്യങ്ങള്‍ ഇനി ജീവിതത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഹജ്ജ് കഴിഞ്ഞുവന്നവര്‍ക്ക് വളരെ നല്ല ഒരു അവസരമാണ് കൈവന്നിരിക്കുന്നത്. നല്ലൊരു തുടക്കം.
നല്ല ശീലങ്ങള്‍ക്ക് നാന്ദിയാകാം ഇനി. ഇഹ്‌റാം വേഷത്തിന്റെ ഓര്‍മകളെ നിലനിര്‍ത്താനെന്നോണം പുരുഷന്‍മാര്‍ ഇനിയുള്ള ദിനങ്ങളില്‍ ശുഭ്ര വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കുക. മനസ്സിനൊപ്പം ശരീരവും മാലിന്യം പുരളാത്ത ശുഭ്ര നിറമാകട്ടെ. വെള്ള വസ്ത്രം ധരിക്കുന്നതിന് വലിയ മഹത്വം പറഞ്ഞുതന്നിട്ടുണ്ട് നബി തങ്ങള്‍.
ഇസ്‌ലാമിക സംസ്‌കാരം ഇവിടെയും അവസാനിക്കുന്നില്ല. താടി നീട്ടുകയും മീശ വെട്ടുകയും വേണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. താടി വളര്‍ത്തി ഇസ്‌ലാമിക സംസ്‌കാരത്തെ അടയാളപ്പെടുത്താന്‍ ഹാജിക്ക് കഴിയേണ്ടതുണ്ട്. പുതിയ “മുഖഭാവം.” താടി വടിക്കുന്നത് തെറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ശീലമാണ് ഒരു മാറ്റത്തിന് തടസ്സം.
പുതിയ നല്ല കുറേ ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുറച്ച സാഹചര്യത്തില്‍ അത് മുഖത്ത് തന്നെ പ്രതിഫലിക്കട്ടെ. ഇഹ്‌റാമിന്റെ വേളകളിലൊഴിച്ച് തീര്‍ഥാടകരെല്ലാം തല മറച്ചവരാണ്. അത് ലോക മുസ്‌ലിംകളുടെ അടയാളമാണ്. നബിയുടെ സുന്നത്താണ്. പുണ്യഭൂമിയില്‍ പതിവാക്കിയ ആ തൊപ്പിയും തലപ്പാവും നാട്ടിലെത്തിയാലും കൊഴിഞ്ഞുപോകരുത്. ഹിജാബിന്റെ കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ കാണിക്കുന്ന കാര്‍ക്കശ്യം മക്കയിലും മദീനയിലും മറ്റു സ്ഥലങ്ങളിലും കാണാം. ഇഹ്‌റാമില്‍ പോലും മുഖം അന്യ പുരുഷന്മാര്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍. ഹിജാബ് ധരിച്ചുതുടങ്ങിയിട്ടില്ലാത്ത ഹജ്ജുമ്മമാര്‍ ഇനിയും കാത്തിരിക്കേണ്ടതില്ല. ഹിജാബിലായിരിക്കണം പുറത്തിറങ്ങുന്നത്.
നബി തങ്ങളെ സന്ദര്‍ശിച്ച് അവിടുത്തെ പൊരുത്തും ചോദിച്ച് തിരിച്ചുവന്നവര്‍ നബിയുടെ സുന്നത്തുകള്‍ പരമാവധി ജീവിതത്തില്‍ പുലര്‍ത്തണം. ചരിത്ര ഭൂമികള്‍ കണ്ടു. മഹാന്മാര്‍ നടന്ന പാദസ്ഥലികള്‍. അവരുടെ അനുസ്മരണ ദിനങ്ങളും ഇനി വിസ്മരിക്കപ്പെടരുത്.
കഅബയുടെ അടുത്തു നിന്നും അറഫാ മൈതാനിയിലും നബിയുടെ സവിധത്തില്‍ വെച്ചുമെല്ലാം ഏത് ഹാജിയും ഉറപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഇനിയുള്ള ജീവിതം മുമ്പത്തേത് പോലെയായിരിക്കില്ല എന്ന്. ഇനി മുതല്‍ കൂടുതല്‍ നല്ലവനായി കഴിയുമെന്ന്. ആ തീരുമാനം നടപ്പിലാക്കുക എന്നതാണ് നാട്ടിലെത്തിയാല്‍ ആദ്യമായി ദൃഢനിശ്ചയം ചെയ്യേണ്ട കാര്യം.
ഹജ്ജിന്റെ അനുഭവങ്ങള്‍ പറഞ്ഞറിയിക്കുമ്പോഴും ഇവിടെയൊക്കെ ചെന്നെത്താനും ആരാധനാ കര്‍മങ്ങള്‍ ചെയ്യാനും അനുഗ്രഹം നല്‍കിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക എന്നതിലുപരി, അഹങ്കാരത്തിന്റെയോ മേനി പറച്ചിലിന്റെയോ സ്വരം ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മറിച്ച് സംഭവിച്ചാല്‍ ഇത്രയും അധ്വാനവും പണവും ചെലവഴിച്ച് നിര്‍വഹിച്ച ഹജ്ജ് നിഷ്ഫലമായിപ്പോകും.
ഹജ്ജിനെക്കുറിച്ച് പറയുമ്പോള്‍ മറ്റുള്ളവരെ ഹജ്ജിലേക്ക് ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ട്. യാത്രയില്‍ അപൂര്‍വമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു എന്നിരിക്കും. പലരും ഇത് പര്‍വതീകരിച്ച് പറഞ്ഞ് തങ്ങളുടെ “സാഹസിക കൃത്യം” വര്‍ണിക്കാറുണ്ട്. ഇത് മറ്റുള്ളവരെ ഹജ്ജില്‍ നിന്ന് പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനുമിടയാക്കുമെന്നത് പലരും ഓര്‍ക്കാറില്ല. അത്തരം സംസാരങ്ങള്‍ ഹജ്ജ് കഴിഞ്ഞുവന്നവര്‍ ഒഴിവാക്കേണ്ടതുണ്ട്. സഹയാത്രികരെക്കുറിച്ചും അവിടെയുണ്ടായ അവരുടെ സമീപനത്തെക്കുറിച്ചും അവരുടെ വീഴ്ചകളെക്കുറിച്ചുമൊക്കെ പറയാന്‍ ചിലര്‍ക്ക് നൂറ് നാവാണ്. ഇതും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

Latest