Connect with us

Business

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: കേരള ചരിത്രം കച്ചിപ്പടത്തില്‍ ആവിഷ്‌കരിക്കുന്നു

Published

|

Last Updated

കൊല്ലം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ ഭാഗമായി കേരള ചരിത്രത്തെ കച്ചിപ്പടത്തിലൂടെ പുനര്‍സൃഷ്ടിക്കുന്നു. 14 ജില്ലകളുടെയും ചരിത്രം- ടൂറിസം എന്നീ മേഖലകളെ മുന്‍നിര്‍ത്തിയാണ് കച്ചിപ്പടം തീര്‍ക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് നൂതന ശില്‍പ ചിത്രീകരണം നടത്തുന്നത്.
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൂറോളം കരകൗശല ശില്‍പികളാണ് ഈ ശില്‍പ നിര്‍മാണത്തില്‍ പങ്കാളികളാകുക. 14 മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ചൈന, മെക്‌സിക്കോ, കാലിഫോര്‍ണിയ, യൂറോപ്പ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ളതാണ് ഈ കരകൗശല വിദ്യ. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, കൊല്ലം കണ്ണറപാലം, പത്തനംതിട്ടയുടെ തെയ്യം, ആലപ്പുഴ ജില്ലയുടെ നെഹ്‌റു ട്രോഫി വള്ളംകളി, തൃശൂര്‍ പൂരം, മലപ്പുറം ദഫ്മുട്ട്, കോഴിക്കോട് ജില്ലയുടെ എം ടി വാസുദേവന്‍ നായര്‍, കണ്ണൂര്‍ ജില്ലയുടെ കളരിപ്പയറ്റ്, കാസര്‍കോട് ജില്ലയുടെ മാലിക് ദിനാര്‍ പള്ളി, ഇടുക്കി ഡാം, കോട്ടയം തേക്കടി, വയനാട് ഇടക്കല്‍ ഗുഹ, എറണാകുളം ഷിപ്പ്‌യാര്‍ഡ്, പാലക്കാട് നെല്‍പ്പാടം എന്നീ ചിത്രങ്ങളാണ് നിര്‍മിക്കുന്നത്.
ശില്‍പ നിര്‍മാണ പ്രവര്‍ത്തനം ഡിസംബര്‍ ഒന്നിന് ആരംഭിച്ച് ജനുവരി 10ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ശില്‍പികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ദക്ഷിണയും സമ്മാനിക്കും. ചിത്രങ്ങള്‍ അതാത് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ ലേലത്തില്‍ വിറ്റഴിച്ച് ലഭിക്കുന്ന തുക കൊല്ലം ജില്ലയിലെ പാലിയേറ്റീവ് കെയറിന് നല്‍കുകയോ ചെയ്യും.
തൊഴില്‍മന്ത്രി ഷിബുബേബി ജോണ്‍, ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തൊഴില്‍ വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കെ എം അനില്‍ മുഹമ്മദ്, പി ടി ഗിരീഷ്, എന്‍ അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest