വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകി; ഉദേ്യാഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉത്തരവ്‌

Posted on: November 20, 2014 9:00 am | Last updated: November 20, 2014 at 9:00 am

മലപ്പുറം: വൈദ്യുതി കണക്ഷന്‍ നല്‍കാതെ മനപൂര്‍വം വൈകിപ്പിച്ച ഉദ്യോഗസ്ഥരില്‍ നിന്നും 75000 രൂപ പിഴ ഈടക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു.
എടരിക്കോട് ക്ലാരിമൂച്ചിക്കല്‍, പൂഴിത്തറ ഹൗസില്‍ പി സൈനുദ്ദീന്റെ പരാതി പ്രകാരമാണ് കോട്ടക്കല്‍ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എക്‌സികൂട്ടീവ് എന്‍ജിനിയര്‍ കെ എന്‍ രവീന്ദ്രനാഥനില്‍ നിന്നും 50,000 രൂപയും എടരിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനിയര്‍ കെ കീരനില്‍ നിന്നും 25,000 രൂപയും പിഴ ഈടാക്കിയത്. താന്‍ നിര്‍മിച്ച വീട്ടിലേയ്ക്കുളള പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോഴിക്കോട് വൈദ്യുതി
ഉപഭോക്തൃ സങ്കട പരിഹാരഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോട്ടക്കല്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ അസി. എക്‌സി എഞ്ചിനീയര്‍ക്കും, എടരിക്കോട് സെക്ഷന്‍ അസി. എഞ്ചിനിയര്‍ക്കും നോട്ടീസ് നല്‍കി. പരാതിക്കാരന്റെ വീടിന് മുകളിലൂടെ പോകുന്ന ലോ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന് ഫീസായി 9040 അടച്ചിരുന്നു.
ഫീസടച്ച് 21 ദിവസത്തിനകം കണക്ഷന്‍ നല്‍കുന്നതിന് പരാതി പരിഹാര ഫോറം ഉത്തരവിട്ടിരുന്നെങ്കിലും അധികൃതര്‍ നല്‍കിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും കൈകാര്യം ചെയ്ത ഫയല്‍ ജൂലൈ 19നകം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥര്‍ നോട്ടീസിന് മറുപടി നല്‍കുകയോ ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കുകയോ ചെയ്തില്ല. തുടര്‍ന്ന് വൈദ്യുതി നിയമം 2003ലെ 142-ാം സെക്ഷന്‍ അനുസരിച്ച് കമ്മീഷന്‍ പിഴ ചുമത്തുകയായിരുന്നു.