Connect with us

Ongoing News

മെഡി. കോളജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം: മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും ചികിത്സക്കെത്തുന്നവരുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ പഴയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം നടത്തുകയുള്ളുവെന്ന് മുഖ്യമന്ത്രി. ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാനദണ്ഡങ്ങള്‍ പരിഗണിച്ചു മാത്രമേ നിലവിലെ മെഡിക്കല്‍ കോളജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ മഞ്ചേരിയിലും ഇടുക്കിയിലും ആരംഭിച്ച പുതിയ ഗവ. മെഡിക്കല്‍ കോളജുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവനെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് നിലവിലുള്ള മെഡിക്കല്‍ കോളജുകളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലം മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നേരത്തെ സമരത്തിലേക്ക് നീങ്ങിയിരുന്നു. ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്നതിലൂടെ നിലവിലെ മെഡിക്കല്‍ കോളജുകളിലുണ്ടായിരുന്ന തസ്തികകള്‍ ഇല്ലാതാകുമെന്നും ഇത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തേയും വിദ്യാര്‍ഥികളുടെ പഠനത്തേയും പ്രതിസന്ധിയിലാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാരുടെ സമരം. തസ്തിക സൃഷ്ടിക്കാതെ പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളജുകളിലേക്ക് സര്‍ക്കാര്‍ വ്യാജമായി ഡോക്ടര്‍മാരെ നിയമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു.
യോഗത്തില്‍ എറണാകുളം ക്യാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി. ഈ മാസം ഒന്നിന് ആരംഭിച്ച സുകൃതം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. ആര്‍ സി സി യിലെ 145 പേര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം ക്യാന്‍സര്‍ രോഗികളാണ് ഇതിനകം പദ്ധതിയുടെ ഗുണഭോക്താക്കളായി സൗജന്യ ചികിത്സ നേടുന്നത്. അഡീഷനല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്), ഡോ. കെ എം എബ്രഹാം, എന്‍ എച്ച് എം ഡയറക്ടര്‍ ഡോ. മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. എം ബീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി ഗീത, ആര്‍ സി സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. എന്‍ ശ്രീധര്‍, പുതിയ മെഡിക്കല്‍ കോളജുകളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിള്ള, വിവിധ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്തു.

Latest