സര്‍വകലാശാലകള്‍ക്ക് ഏകീകൃത ബോര്‍ഡ്: സാധ്യതകള്‍ പരിശോധിക്കും

Posted on: November 19, 2014 12:46 am | Last updated: November 19, 2014 at 12:46 am

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയും ചോദ്യപേപ്പറുകളും തയ്യാറാക്കുന്നതിന് ഓരോ വിഷയങ്ങള്‍ക്കും പൊതുബോര്‍ഡുകള്‍ രൂപവത്കരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സമിതിയുടെ ഗവേണിംഗ് കൗണ്‍സില്‍. ഇക്കാര്യം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. എല്ലാ സര്‍വകലാശാലകള്‍ക്കും ഏകീകൃത അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനും യോഗം എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഇതിനായി വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പ്രൊ. വി സിമാരുടെ യോഗം വിളിക്കും. ഗവേണിംഗ് കൗണ്‍സിലിന്റെ പ്രഥമ യോഗം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
നിലവില്‍ സിലബസും പരീക്ഷാപേപ്പറും തയ്യാറാക്കുന്നതിന് ഓരോ സര്‍വകലാശാലക്കും 15 മുതല്‍ 20 വരെ അംഗങ്ങളുള്ള വെവ്വേറെ സമിതികളാണുള്ളത്. പൊതു ബോര്‍ഡ് വരുന്നതോടെ പാഠ്യപദ്ധതിക്ക് ഐക്യരൂപം കൈവരുമെന്നതോടൊപ്പം, ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു. അതേസമയം എല്ലാ വിഷയങ്ങള്‍ക്കും ഇത്തരത്തില്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് പ്രായോഗികമാകില്ല.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കിയ ശിപാര്‍ശകളില്‍ ഇനി അവശേഷിക്കുന്നവ എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സ്റ്റേറ്റ് അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സിലും ഫാക്കല്‍റ്റി ട്രെയിനിംഗ് അക്കാദമിയും സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. ആരോഗ്യ സര്‍വകലാശാല വിജയകരമായി നടപ്പാക്കിയ പരീക്ഷാ സംവിധാനം മറ്റു സര്‍വകലാശാലകളിലും നടപ്പാക്കുന്നത് പരിശോധിക്കും. സര്‍വകലാശാലകളിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളുടെയും ഭരണാധികാരികളുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പരാതികള്‍ പരിഹരിക്കുന്നതിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കുന്നതിന് പൊതുജന സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നടപടിയെടുക്കണമെന്നും എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌പെഷ്യല്‍ സര്‍വകലാശാലകളുടെ ഭരണ സമിതിയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിലവിലെ ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സ്‌പെഷ്യല്‍ സര്‍വകലാശാലകള്‍ക്ക് ലഭ്യമാകുന്നതിന് ഇത് സഹായകമാകും.
വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി നേതാക്കള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും യോഗം ശിപാര്‍ശ ചെയ്തു. റൂസ പദ്ധതിയുടെ വിവരങ്ങള്‍ സുപരിചിതമാക്കുന്നതിന് ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ നടത്തണം. സര്‍വകലാശാലകളിലും കോളജുകളിലും കൗണ്‍സിലിംഗ് സേവനങ്ങള്‍ക്കായി കേന്ദ്രീകൃത ശൃംഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടുകളും മിനുട്‌സുകളും അക്കൗണ്ട് വിവരങ്ങളും ഗവേണിംഗ് കൗണ്‍സില്‍ പരിശോധിച്ച് അംഗീകാരം നല്‍കി. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, മെമ്പര്‍ സെക്രട്ടറി പി അന്‍വര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഷീനാ ഷുക്കൂര്‍, ഡോ. എന്‍ വീരമണികണ്ഠന്‍, ഡോ. ആര്‍ ജയപ്രകാശ്, ലോപ്പസ് മാത്യു, വൈസ് ചാന്‍സലര്‍മാര്‍, അധ്യാപക പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു.