ഓപറേഷന്‍ കുബേര: പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം പ്രതീക്ഷയേകി ഡി സി പിയുടെ കന്നി അദാലത്ത്

Posted on: November 18, 2014 9:47 am | Last updated: November 18, 2014 at 9:47 am

കോഴിക്കോട്: ഓപ്പറേഷന്‍ കുബേര പരാതികളില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് കേസ് പരിധിയിലുള്ള സി ഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ദീരജ് കുമാര്‍ ഗുപ്ത. സ്ഥാനമേറ്റതിന് ശേഷം ആദ്യമായി നടന്ന കുബേര അദാലത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, വിവിധ കേസുകളില്‍ വഞ്ചിതരായി പണം നഷ്ടപ്പെട്ട ആറ് പരാതികളാണ് ഇന്നലെ അദാലത്തില്‍ ലഭിച്ചത്.
ഇന്നലെ രാവിലെ 11.30 ഓടെ നടന്ന അദലാത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് പണം തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ബേങ്ക് ഓഫ് ബറോഡക്ക് എതിരേയുള്ള കേസാണ് ആദ്യം പരിഗണിച്ചത്. വിവധ നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍, ബ്ലാങ്ക് ചെക് ഉപയോഗിച്ചുള്ള ഭീഷണി നേരിടുന്നവര്‍, വീടുകള്‍ പണയപ്പെടുത്തി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പണം കടമെടുത്തുവര്‍ എന്നിവരുടെയെല്ലാം പരാതി ഡി സി പി ഒന്നര മണിക്കൂര്‍ നീണ്ട അദാലത്തില്‍ പരിഗണിച്ചു.
പല പാരാതിക്കാരും മുമ്പ് ഇതേ പാരാതികള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ചതാണ്. പക്ഷെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
എന്നാല്‍ ഡി സി പി വിളിച്ച് കൂട്ടിയ ഇന്നത്തെ അദാലത്തിലൂടെ കുറച്ച് കൂടി ഗൗരവത്തോടെ കേസ് പരിഗണനക്ക് വരുമെന്നാണ് പരാതിക്കാര്‍ പ്രതീക്ഷിക്കുന്നത്.