Connect with us

Gulf

മന്ത്രി സുഷമാ സ്വരാജ് ഇന്നെത്തുന്നു; ഇന്ത്യന്‍ പ്രവാസികള്‍ പ്രതീക്ഷയില്‍

Published

|

Last Updated

ദുബൈ: കേന്ദ്ര വിദേശ, പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് യു എ ഇയില്‍ എത്തുന്നു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണപ്രകാരമാണിത്. ഇന്ത്യയും യു എ ഇയും തമ്മില്‍ ചിരകാലമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കും. മാത്രമല്ല, ഇന്ത്യക്കാര്‍ ധാരാളമായി ജീവിതോപാധി കണ്ടെത്തിയ രാജ്യമാണ് യു എ ഇ. യു എ ഇക്ക് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രത്യേകിച്ച് പറയേണ്ടതുമില്ല. 2013-14 വര്‍ഷത്തെ, ഇന്ത്യ-യു എ ഇ വാണിജ്യ ബന്ധം 5,900 കോടി ഡോളറിന്റേതാണ്. ഇന്ത്യയിലേക്ക് യു എ ഇയില്‍ നിന്ന് എണ്ണ വലിയതോതില്‍ എത്തുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു.
26 ലക്ഷം ഇന്ത്യക്കാരാണ് യു എ ഇയിലുള്ളതെന്ന് ഔദ്യോഗിക കണക്ക്. തദ്ദേശീയരേക്കാള്‍ കൂടുതലാണിത്. എന്നാലും തദ്ദേശീയരും ഇന്ത്യക്കാരും തമ്മിലെ സൗഹാര്‍ദ്ദം ലോകത്തിനു തന്നെ മാതൃക.
കഴിഞ്ഞ നൂറ്റാണ്ടില്‍ യു എ ഇ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് ഇന്ത്യയെ, വിശേഷിച്ച് കേരളത്തെയാണ്. പായ്കപ്പലുകളില്‍ അറബ് സഹോദരര്‍ കേരളത്തിലെത്തി. അവര്‍ ഈത്തപ്പഴവും മുത്തുകളും കൈയില്‍ കരുതിയിരുന്നു. കേരളം അവര്‍ക്ക് അരിയും സുഗന്ധ വ്യജ്ഞനങ്ങളും തിരിച്ചു നല്‍കി.
ഇന്ന് യു എ ഇ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഇന്ത്യയില്‍. പകരം ഇന്ത്യയുടെ മാനവശേഷി യു എ ഇക്ക് ഗുണം ചെയ്തു. ഇന്ത്യക്കാരുടെ കഠിനാധ്വാനം യു എ ഇയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഉഭയകക്ഷിബന്ധം ശക്തിപ്പെട്ടത്. ഇപ്പോള്‍ തടവുകാരുടെ സ്ഥലം മാറ്റം വരെ അതിന് ഈട് പകര്‍ന്നിട്ടുണ്ട്. സുഷമ സ്വരാജ് എത്തുമ്പോള്‍ യു എ ഇയിലെ ഇന്ത്യക്കാരുമായി സംവദിക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ ഇനിയും മുന്നോട്ടുപോകണം. മറ്റൊന്ന്, യാത്രാ പ്രശ്‌നത്തിന് പരിഹാരം വേണമെന്നതാണ്. വിമാനങ്ങള്‍ തലങ്ങും വിലങ്ങുമുണ്ട്. പക്ഷേ, സമയത്തിനല്ല പറക്കുന്നത്. ഇതിനൊക്കെ പരിഹാരം കാണാന്‍ ശ്രമമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

---- facebook comment plugin here -----

Latest