അനധികൃതമായി കടത്തുകയായിരുന്ന 18 ലോഡ് കളിമണ്ണ് പൊലീസ് പിടികൂടി

Posted on: November 10, 2014 5:06 pm | Last updated: November 10, 2014 at 5:06 pm

നിലമ്പൂര്‍: മമ്പാട് പുള്ളിപ്പാടത്ത് നിന്നും അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന 18 വലിയ ടിപ്പര്‍ ലോറികള്‍ നിലമ്പൂര്‍ പൊലീസ് പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ നിലമ്പൂര്‍ സി ഐ ബഷീര്‍, എസ് ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് കൊണ്ടുപോകുന്നതിനുള്ള പാസിലെ അവ്യക്തതയാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കാരണം. പാസിലുള്ള നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കായി വാഹനങ്ങള്‍ പെരിന്തല്‍മണ്ണ അാര്‍ ഡി ഒക്ക് കൈമാറും. പുള്ളിപ്പാടത്ത് വ്യാപകമായ രീതിയില്‍ കളിമണ്ണ് കടത്തുന്നതായി പരാതി ഉയര്‍ന്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഇടപെടലുണ്ടായത്. തൃശൂര്‍ ഭാഗത്തെ ഓട്ടുകമ്പനികളിലേക്കാണ് മണ്ണ് കൊണ്ടു പോകുന്നത്.