കെ എസ് ബി എ തങ്ങള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Posted on: November 6, 2014 10:51 am | Last updated: November 6, 2014 at 10:51 am

കൊപ്പം: വിലക്കുകള്‍ക്കും വിമതനീക്കങ്ങള്‍ക്കും വിടനല്‍കി മുന്‍ ഡിസിസി സെക്രട്ടറി പട്ടാമ്പി കെഎസ്ബിഎ തങ്ങള്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. കഴിഞ്ഞ നാലുവര്‍ഷങ്ങളായിപുറത്താക്കിയ തങ്ങളെ തിരിച്ചെടുക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെതാണ് തീരുമാനം.
ഇത് സംബന്ധിച്ച കെപിസിസി പ്രസിഡന്റിന്റെ കത്ത് പട്ടാമ്പി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി പി മുഹമ്മദ് എം എല്‍ എക്കെതിരെ വിമതപ്രവര്‍ത്തനം നടത്തിയയാളാണ് കെഎസ്ബിഎ തങ്ങള്‍. ഡിസിസി സെക്രട്ടറിയായിരുന്ന തങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണണെന്ന ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അന്നത്തെ കെപിസിസി നേതൃത്വം അത് നിരസിച്ചതിനെ തുടര്‍ന്ന് കെഎസ്ബിഎ തങ്ങള്‍ സി പി ക്കെതിരെ വിമതനീക്കവുമായി രംഗത്ത് വരികയായിരുന്നു. എന്നാല്‍ സിപി മുഹമ്മദ് എം എല്‍ തന്നെയാണ് മുന്‍കൈ എടുത്ത് കെഎസ്ബിഎ തങ്ങളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നേതൃത്വത്തിന് ശുപാര്‍ശ നല്‍കിയത്. എംഎല്‍എയുടെ ശുപാര്‍ശപ്രകാര—മാണ് തങ്ങളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതെന്നാണ് പട്ടാമ്പിയിലെ കെ പിസിസി അംഗങ്ങള്‍ പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി പട്ടാമ്പി മുന്‍സിപ്പാലിറ്റിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ എസ് ബിഎ തങ്ങളെ മത്സരിപ്പിക്കാനും പട്ടാമ്പി മുന്‍സിപ്പാലിറ്റിയുടെ അധ്യക്ഷ സ്ഥാനം നല്‍കി തങ്ങളെ പട്ടാമ്പിയിലൊതുക്കാനുമാണ് നീക്കം. അതേ സമയം കെഎസ്ബി എ തങ്ങളെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പട്ടാമ്പിയിലെ ഒരു ഡിസിസി സെക്രട്ടറി തന്നെയാണ് തങ്ങളെ തിരിച്ചെടുത്തതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. സി. പി. മുഹമ്മദ് എംഎല്‍എയുമായി ശീതസമര രംഗത്തുള്ള ഈ യുവനേതാവ് കെഎസ്ബിഎ തങ്ങളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധിച്ച് ഡിസിസി സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്നും അഭ്യൂഹമുണ്ട്.