നിര്‍ധന കുടുംബത്തിന് മൂവര്‍ സംഘത്തിന്റെ സഹായത്തില്‍ വീട്

Posted on: November 6, 2014 9:43 am | Last updated: November 6, 2014 at 9:43 am

എടക്കര: പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വീട് പൊളിച്ച് വഴിയാധാരമായ കുടുംബത്തിന് സുമനസുകളായ മൂവര്‍ സംഘത്തിന്റെ സഹായത്തില്‍ വീടൊരുങ്ങി. പള്ളിപ്പടിയിലെ സീലത്ത് ഹഫ്‌സത്തിനാണ് വീട് പണിത് നല്‍കുന്നത്.
മൂന്നര സെന്റ് സ്ഥലത്ത് നിലംപൊത്താറായ കൊച്ചു കുടിലിലായിരുന്നു മാതാവ് റുഖിയയും മകള്‍ ഹിസ്ബയും ഹഫ്‌സത്തുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കുമെന്ന ഉറപ്പില്‍ മാര്‍ച്ചിലാണ് വീട് പൊളിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിച്ചില്ല. ദയനീയാവസ്ഥ കണ്ട് പൊതുപ്രവര്‍ത്തകരായ ചിറ്റങ്ങാടന്‍ അബ്ദുല്‍ മജീദ്, കല്ലേങ്കര നൗശാദ്, ചെട്ടിയാംതൊടി കുഞ്ഞിമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ച് വീട് നിര്‍മിച്ച് നല്‍കിയത്.