കസബ സി ഐയെ തിരിച്ചുവിളിച്ചു: കോണ്‍ഗ്രസിന് തലവേദനയായി സ്ഥലം മാറ്റം

Posted on: November 5, 2014 9:40 am | Last updated: November 5, 2014 at 9:40 am

കോഴിക്കോട്: സ്ഥലം മാറ്റിയ കസബ സി ഐയെ അവസാനം വിവാദമായതോടെ തിരിച്ചു വിളിച്ചു. 

നഗരത്തില്‍ പട്ടാപകല്‍ ആക്രമണം നടത്തിയ സംഘത്തിലെ എല്ലാ പ്രതികളെയും മണിക്കൂറുകള്‍ക്കകം പിടികൂടിയ കസബ സി ഐ ബാബു പെരിങ്ങേത്തിനെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപ്പെട്ടാണ് സ്ഥലംമാറ്റം മരവിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദം മൂലമാണ് കസബ സി ഐയെ സ്ഥലം മാറ്റിയതെന്നായിരുന്നു ആരോപണം. കഴിഞ്ഞ വെള്ളയാഴ്ച പ്രതികളെ അറസ്റ്റു ചെയ്ത സി ഐയെ ശനിയാഴ്ച സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സ്ഥലം മാറ്റം റദ്ദാക്കി.
ആക്രമി സംഘത്തിലെ ചിലരുമായി കോണ്‍ഗ്രസ് നേതാകള്‍ക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നതിന് പുറമെ സി ഐയെ സ്ഥലം മാറ്റുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരുന്നു. തുടര്‍ന്ന് സി പി എമ്മും ഡി വൈ എഫ് ഐയും ഉള്‍പ്പെടെ ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. സംഭവം കോണ്‍ഗ്രസിനെതിരായ ആയുധമായി ഇടതുപക്ഷം ഫലപ്രദമായി ഉപയോഗിക്കുന്നതിന് മുമ്പുതന്നെ സി ഐയുടെ സ്ഥലം മാറ്റം റദ്ദു ചെയ്തു കോണ്‍ഗ്രസ് വിവാദം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പുതിയ സംഭവങ്ങളും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകാനാണ് സാധ്യത.