അഭയ കേസ്: പ്രതിഭാഗം വാദം പൂര്‍ത്തിയായി

Posted on: November 5, 2014 6:00 am | Last updated: November 5, 2014 at 12:33 am

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികപരിശോധനാഫലം അടങ്ങിയ രാസപരിശോധന രജിസ്റ്റര്‍ തിരുത്തിയ കേസിലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി. ഹരജിക്കാരന്റെ വാദം നാളെ നടക്കും. ഈമാസം അവസാനത്തോടെ കേസില്‍ വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുന്നത്.
ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച സ്വകാര്യഹരജിയെ തുടര്‍ന്നാണ് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് എം ചിത്ര എന്നിവര്‍ക്കെതിരേ കോടതി നേരിട്ട്് കേസെടുത്തത്. പ്രാഥമികതെളിവെടുപ്പില്‍ മ്യൂസിയം മുന്‍ എസ് ഐ മുഹമ്മദ് ഹുസൈന്‍, ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ ജി ശിവദാസന്‍, ഹൈദരാബാദ് എഫ് എസ് എല്‍ അഡീ.ഡയറക്ടര്‍ വൈ സൂര്യപ്രസാദ് എന്നിവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ ഔദ്യോഗികരേഖ വ്യാജമായി ചമയ്ക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കോടതി ചുമത്തിയത്. പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്‍കിയശേഷം നടന്ന തെളിവെടുപ്പില്‍ മ്യൂസിയം മുന്‍ എസ് ഐ മുഹമ്മദ് ഹുസൈനെയും ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ ജി ശിവദാസനെയും വീണ്ടും വിസ്തരിച്ചിരുന്നു.
രണ്ടാംവിസ്താരത്തില്‍ കെ ജി ശിവദാസന്‍ കൂറുമാറുകയും ചെയ്തു. എന്നാല്‍, സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളില്‍ പുരുഷബീജം കണ്ടെത്തിയിരുന്നില്ലെന്നും സിസ്റ്റര്‍ കന്യകയായിരുന്നുവെന്നും പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ മുന്‍ ഫോറന്‍സിക് മെഡിസിന്‍ മേധാവിയും പോലീസ് സര്‍ജനുമായ ഡോ. സി രാധാകൃഷണന്‍ കോടതിയില്‍ നല്‍കിയ മൊഴി.