Connect with us

Editorial

രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധി

Published

|

Last Updated

അണക്കെട്ടുകളില്‍ ഭേദപ്പെട്ട നിലയില്‍ വെള്ളമുണ്ടായിട്ടും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയിയില്‍ നിന്ന് മോചനമില്ല. കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കേണ്ട നിലയങ്ങളില്‍ അറ്റകുറ്റപ്പണിയായതും ലൈന്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ സാധിക്കാത്തതുമാണ് കാരണമെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. സംസ്ഥാനത്ത് ദിനംപ്രതി 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. കായംകുളം താപനിലയത്തില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാണ് ഇത് പരിഹരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യൂനിറ്റിന് അഞ്ച് രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമ്പോള്‍ താപനിലയത്തില്‍ യൂനിറ്റിന് 13 രൂപ നല്‍കണം. ഇതുമൂലം വരുന്ന അധിക ബാധ്യത പരിഹരിക്കാന്‍ രാത്രിയില്‍ ചില ഭാഗങ്ങളില്‍ തുടരുന്ന ലോഡ്‌ഷെഡിംഗിന് പുറമെ പവര്‍കട്ടോ, നിരക്ക് വര്‍ധനയോ ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. മാസം 200 യൂനിറ്റിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന്, 200ന് മുകളിലുള്ള യൂനിറ്റുകള്‍ക്ക് പതിനൊന്ന് രൂപ വീതം ഈടാക്കുക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 15 മുതല്‍ 20 വരെ ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ബോര്‍ഡ് മുന്‍വെക്കുന്നത്.
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ കള്ളക്കളിയാണ് ലൈന്‍ ലഭിക്കാത്തതിന് കാരണമത്രെ. പുറത്ത് നിന്ന് 1000 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഛത്തീസ്ഗഡ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളുമായി കേരളം കരാറിലെത്തിയിട്ടുണ്ട്. ലൈന്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് സ്വീകരിക്കാനാകുന്നില്ല. പവര്‍ ഗ്രിഡ് കോര്‍പറേഷനാണ് ലൈന്‍ അനുവദിക്കേണ്ടത്. അവര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയതുമാണ്. എന്നാല്‍ കേരളത്തിന് ശേഷം അപേക്ഷിച്ച തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് താമസം വിനാ ലൈന്‍ അനുവദിക്കുമ്പോള്‍, കേരളത്തെ അവഗണിക്കുകയാണ് കോര്‍പറേഷന്‍. ഇതര സംസ്ഥാനങ്ങളിലെ ചില പ്രമുഖ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടത്തുന്ന ഈ തിരിമറിക്ക് പിന്നില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സാമ്പത്തിക താത്പര്യമുണ്ടെന്നാണ് കെ എസ് ഇ ബി ആരോപിക്കുന്നത്. ഇതു സംബന്ധമായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന് ബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനം നീളുകയാണ്.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ലൈന്‍ അനുവദിച്ചാല്‍ തന്നെ സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമേ ആകുകയുള്ളു. കൂടംകുളം നിലയത്തില്‍ നിന്ന് കേരളത്തിന്റെ വിഹിതമായ 266 മെഗാവാട്ട് എത്തിക്കുന്നതിന് എടമണ്‍ കൊച്ചി ലൈനിന്റെയും കേന്ദ്ര പൂള്‍ വൈദ്യുതിക്കായുള്ള മൈസൂര്‍-അരീക്കോട് ലൈനിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും, ആഭ്യന്തര ഉദ്പാദനം വര്‍ധിപ്പിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഊര്‍ജാവശ്യം പൂര്‍ണ തോതില്‍ പരിഹൃതമാകുകയും ലോഡ് ഷെഡ്ഡിംഗില്‍ നിന്നും പവര്‍ കട്ടില്‍ നിന്നും സംസ്ഥാനം മോചിതമാകുകയുമുള്ളു. മൈസൂര്‍-അരീക്കോട് ലൈന്‍ കടന്നുപോകുന്ന കുടക് പോലുള്ള പ്രദേശങ്ങളില്‍ ഉടമകളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പാണ് മുഖ്യ തടസ്സം. വനങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞതും കാവേരി നദിയുടെ മുഖ്യ വൃഷ്ടി പ്രദേശവുമായ കുടകില്‍ ലൈനിന് വേണ്ടി പതിനായിരക്കണക്കിന് മരങ്ങളാണ് വെട്ടിമാറ്റപ്പെടുന്നത്. ഇത് പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുമെന്നാണ് തദ്ദേശവാസികളുടെ നിലപാട്.
കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചും ജല വൈദ്യുത സ്രോതസ്സുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം പദ്ധതികളാവിഷ്‌കരിച്ചതാണ്. ജലവൈദ്യുതിയാണ് ഏറ്റവും ചെലവ് കുറഞ്ഞതെന്നിരിക്കെ ഇതിനുള്ള സാധ്യതകള്‍ മുഴുവനായി ഉപയോഗപ്പെടുത്തുന്നതിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ഈ ലക്ഷ്യത്തില്‍ അതിരപ്പിള്ളിപദ്ധതിയും ഒട്ടേറെ ചെറുകിട പദ്ധതികളും ദശാബ്ദങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചതാണെങ്കിലും പലതും ഇന്നും പ്രാരംഭ ദശയിലാണ്. ഗുജറാത്തും തമിഴ്‌നാടുമൊക്കെ കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും സാധ്യമാകുന്നത്ര വൈദ്യുതി ഉത്പ്പാദിപ്പിച്ചാണ് അവരുടെ ഊര്‍ജ പ്രതിസന്ധി പരിഹിക്കുന്നത്. കേരളമാകട്ടെ, ജനങ്ങളുടെ മേല്‍ അധികബാധ്യത അടിച്ചേല്‍പിച്ചും അവരെ ഇരുട്ടിലേക്ക് തള്ളിവിട്ടുമാണ് പ്രതിസന്ധി തരണം ചെയ്യുന്നത്. ഓരോ വര്‍ഷവും പത്ത് ശതമാനം കണ്ട് വൈദ്യുത ഉപഭോഗം വര്‍ധിച്ചുവരുന്ന സംസ്ഥാനം പ്രഖ്യാപിത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഇനിയും ഉദാസീനത കാണിച്ചാല്‍ അതിരൂക്ഷമായ ഊര്‍ജ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാനിരിക്കുന്നത്.

Latest