Connect with us

Articles

വത്തിക്കാനില്‍ നിന്ന് ചില (അ) ശുഭ വാര്‍ത്തകള്‍

Published

|

Last Updated

ലോകം വത്തിക്കാനിലേക്ക് കാതോര്‍ത്തിരിക്കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനം ഏറ്റതു മുതല്‍ കത്തോലിക്കാ സഭയിലെ പരിവര്‍ത്തന വാദികള്‍ സ്ഥായിയായ ചില മാറ്റങ്ങള്‍ സഭയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു മാര്‍പ്പാപ്പമാരില്‍ നിന്നു വ്യത്യസ്തമായി ലളിത ജീവിതത്തോടുള്ള ആഭിമുഖ്യം, ധൂര്‍ത്തിനും ബാഹ്യമായ ആഡംബര ഭ്രമങ്ങള്‍ക്കും എതിരായ വിമര്‍ശം, അന്യമത വിഭാഗങ്ങളോടും കമ്മ്യൂണിസ്റ്റുകാരോടുമുള്ള സംവാദസന്നദ്ധത ഇങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന സഭയുടെ പല യാഥാസ്ഥിതിക നിലപാടുകളിലും മാറ്റം വരുത്താന്‍ സന്നദ്ധനായ ഒരു മാര്‍പ്പാപ്പയെ ആണ് പലരും അദ്ദേഹത്തില്‍ ദര്‍ശിച്ചത്. ഇതിനുള്ള തുടക്കം എന്നാണ് 2014 ഒക്‌ടോബര്‍ അഞ്ചിന് ഞായറാഴ്ച തുടങ്ങി രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന കത്തോലിക്കാ സഭയുടെ അസാധാരണ സിനഡ് യോഗത്തെ പല വത്തിക്കാന്‍ നിരീക്ഷകരും വിലയിരുത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സിനഡില്‍ പങ്കെടുത്ത ഇരുനൂറിലേറെ മെത്രാന്മാര്‍, സഭാംഗങ്ങളായ അമ്പതോളം ദമ്പതിമാര്‍; മറ്റു സഭകളില്‍ നിന്നുള്ള നിരീക്ഷകര്‍ ഇവരെല്ലാം പങ്കെടുത്ത സമ്മേളനത്തിനു ലോക മാധ്യമങ്ങള്‍ നല്ല വാര്‍ത്താ പ്രാധാന്യം നല്‍കുകയുണ്ടായി. ഒരു വശത്ത് യൂറോ-അമേരിക്കന്‍ കേന്ദ്രിത ലോകം ഭൗതികമായി വന്‍ പുരോഗതി നേടുകയും വളരെ ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കുകയും ചെയ്തിരിക്കുന്നു. മറുവശത്താകട്ടെ ഇതേ ലോകം, മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള മൂല്യച്യുതിയെ അഭിമുഖീകരിക്കുകയാണ്. ആത്മീയ വിഷയത്തില്‍ കഠിനമായ ദാരിദ്ര്യമാണ് ഈ ജനത അനുഭവിക്കുന്നത്. ആളുകളില്ലാത്തതിനാല്‍ പൂട്ടിപ്പോകുന്ന ചര്‍ച്ചുകള്‍ വിനോദ വ്യവസായികള്‍ എറ്റെടുത്ത് റെസ്റ്റോറന്റുകളും ബാറുകളും നിശാ നൃത്ത വേദികളുമാക്കി മാറ്റുന്നു. പഠിക്കാന്‍ ആളെ കിട്ടാതെ വൈദിക, കന്യാസ്ത്രീ പരിശീലന കേന്ദ്രങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നു. “ലോകം മുഴുവന്‍ തന്റേതാണ്; പക്ഷേ, പകല്‍ പുറത്തിറങ്ങി നടക്കാന്‍ ധൈര്യം പോരാ” എന്ന് പറഞ്ഞ നാടോടിക്കഥയിലെ കുറുക്കന്റെ അവസ്ഥയിലാണ് ഇന്ന് അമേരിക്കയിലെയും യൂറോപ്പിലെയും കത്തോലിക്ക സഭ. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചു തുടക്കം കുറിച്ച ഇവാഞ്ചലിക്കല്‍ ആള്‍കൂട്ട സഭകള്‍ വ്യവസ്ഥാപിത സഭകളെ ഏറെക്കുറെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. അത്ഭുത രോഗ ശാന്തിയും ക്ഷിപ്രരക്ഷയും വാഗ്ദാനം ചെയ്യുന്ന ദിവ്യ ഗുരുക്കന്മാരുടെ കരിസ്മാറ്റിക്ക് ആത്മീയ പ്രകടനങ്ങള്‍ക്ക് മുമ്പില്‍ മെത്രാന്മാരുടെ വടിയും മുടിയും പുറം കുപ്പായവും ഒക്കെ അപ്രസക്തമായി തുടങ്ങി. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചു കൊണ്ടാണ് വിചിത്രമായ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിനഡിന്റെ ചര്‍ച്ചയെ വഴിതിരിച്ചുവിടാന്‍ യാഥാസ്ഥിതിക പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള, പഴയ ജന്മി- നാടുവാഴി വ്യവസ്ഥയുടെ ഹാങ്ങ് ഓവര്‍ വിട്ടുമാറിയിട്ടില്ലാത്ത റോമന്‍ കുരിയ പരിശ്രമിച്ചതെന്ന് കാണുന്നു.
പടിഞ്ഞാറന്‍ സംസ്‌കൃതി കുടത്തില്‍ നിന്നു തുറന്നു വിട്ട ചില ഭൂതങ്ങളെ തിരികെ കുടത്തിലേക്കു തന്നെ ഭദ്രമായി തിരിച്ചു കയറ്റാനാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സിനഡില്‍ നടന്നതെന്നാണ് മനസ്സിലാകുന്നത്. യൂറോപ്പിലെ പള്ളി കേന്ദ്രീകൃത ആത്മീയതയെ മനുഷ്യന്‍ ഉപേക്ഷിച്ചു ഇറങ്ങുന്നതിനു മുമ്പു തന്നെ അവിടങ്ങളിലെ കുടുംബം എന്ന പ്രസ്ഥാനം ജീര്‍ണിച്ചില്ലാതായി തുടങ്ങിയിരുന്നു. കുടുംബത്തിന്റെ ഭദ്രമായ വേലിക്കെട്ടുകളില്‍ ഒതുങ്ങി നിന്നിരുന്ന സ്ത്രീ പുരുഷ ബന്ധം അഥവാ ലൈംഗിക സദാചാര സംബന്ധിയായ പ്രമാണങ്ങള്‍ വേലിക്കെട്ടുകളെ ഭേദിച്ചു പുറത്ത് ചാടിയിരുന്നു. ഇത്തരം ബന്ധങ്ങള്‍ക്കു നേരെ സഭ കണ്ണടയ്ക്കുകയായിരുന്നു. കണ്ണ് തുറന്ന് പിടിച്ചിട്ടും കാര്യമൊന്നുമില്ല. ആണ്‍-പെണ്‍ ബന്ധങ്ങളെ പരിപോഷിപ്പിക്കേണ്ട ആത്മീയ പാഠങ്ങളൊന്നും സ്വന്തം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഉതകുന്ന പരിശീലനം സഭയുടെ നടത്തിപ്പുകാരായ വൈദികര്‍ക്ക് ലഭിച്ചിരുന്നില്ല. മിക്ക വൈദിക പരിശീലന കേന്ദ്രങ്ങളും പുറത്തു വിട്ടത് പരിശീലനം ലഭിച്ച നല്ല മാനേജ്‌മെന്റ് വിദഗ്ധന്മാരെ ആയിരുന്നു. അല്ലാതെ മികച്ച ആധ്യാത്മിക ഗുരുക്കന്മാരെ ആയിരുന്നില്ല. അതോടെ മറ്റേത് രംഗത്തുമെന്ന പോലെ പടിഞ്ഞാറന്‍ നാടുകളിലെ പള്ളി രംഗത്തും പ്രൊഫഷനലിസം പിടിമുറുക്കി. വേലി തന്നെ വിളവു തിന്നു തുടങ്ങി സദാചാര രംഗത്തെ വേലിചാട്ടം സാര്‍വത്രികമായി. സ്വവര്‍ഗരതി, സഹജീവനം, കുടുംബം തകര്‍ക്കല്‍, റാഡിക്കല്‍ ഫെമിനിസം തുടങ്ങിയ കുത്തഴിഞ്ഞ പല ജീവിത വ്യവസ്ഥകളിലേക്കും ചെറുപ്പക്കാര്‍ വഴിമാറി നടന്നു.
പെരുകി വരുന്ന വിവാഹ മോചനം, അനാഥമാക്കപ്പെട്ട ശൈശവം, അവഗണിക്കപ്പെടുന്ന വാര്‍ധക്യം, ഇതെല്ലാം പുതിയ തലവേദനകളായി യൂറോപ്യന്‍ ജീവിതത്തെ ഗ്രസിച്ചു തുടങ്ങി. സ്വാഭാവികമായും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിളിച്ചു കൂട്ടിയ അസാധാരണ സിനഡിന്റെ അജന്‍ഡയില്‍ ആദ്യ ഇനമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കത്തോലിക്ക സഭ വിവാഹ മോചനം സംബന്ധിച്ച നിലപാടുകള്‍ കൂടുതല്‍ ഉദാരമാക്കുന്നു, സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിക്കാന്‍ പോകുന്നു, എന്നിങ്ങനെ ഒക്കെ ആയിരുന്നു ആദ്യഘട്ടത്തില്‍ തന്നെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അതൊന്നും ഉണ്ടായില്ല- മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി. രോഗ കാരണങ്ങള്‍ കണ്ടെത്താതെ രോഗ വിമുക്തി നല്‍കാം എന്ന വ്യാമോഹമാണ് ഈ രംഗത്തെ സന്മാര്‍ഗ പ്രബോധകര്‍ നടത്തിപ്പോന്നിരുന്നത്. അതിന്റെ ആവര്‍ത്തനം മാത്രമായി സിനസ് ചര്‍ച്ചകള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങളുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കണമെന്നും സ്വവര്‍ഗ രതി പോലുള്ള വിഷയങ്ങളെ പാപം എന്ന നിലയില്‍ക്കണ്ടിരുന്ന പഴയ നിലപാട് തിരുത്തി ഒരു മാനുഷിക ദൗര്‍ബല്യം എന്ന നിലയില്‍ക്കണ്ട് അത്തരക്കാരോട് അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കണം എന്നൊക്കെയുള്ള ചില പതിവ് അഴകുഴമ്പന്‍ നിലപാടുകള്‍ ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് കൂടുതല്‍ ഉത്പതിഷ്ണുപരമായ നിലപാടുകളിലേക്കു കടക്കാതെ സിനഡ് ചര്‍ച്ചകളെ സഭയിലെ യാഥാസ്ഥിതിക വിഭാഗം നിയന്ത്രിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
കത്തോലിക്കാ സഭയിലെ വൈദികര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചൈല്‍ഡ് അബ്യൂസ്- അഥവാ കുട്ടികളെ ലൈംഗികമായി ദുര്‍വിനിയോഗം ചെയ്യുന്ന പ്രവണതക്കെതിരെ അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ജനങ്ങള്‍ വന്‍ തോതില്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ഐക്യ രാഷ്ട്ര സഭക്കു തന്നെ പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. യു എന്‍ ഇതേക്കുറിച്ചന്വേഷിക്കാന്‍ ഒരു പ്രത്യേക കമ്മീഷനെ തന്നെ വെച്ചു. വൈദികര്‍ക്കെതിരെ വിശ്വാസികളുയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു തന്നെയായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സഭയെ പ്രതിക്കൂട്ടിലാക്കി. പല നീതിന്യായ കോടതികളും ഇരകളാക്കപ്പെട്ടവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഭീമമായ തുക നഷ്ട പരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. പല രൂപതകള്‍ക്കും അവരുടെ അധീനതയിലുള്ള സ്വത്തുക്കള്‍ വിറ്റഴിക്കേണ്ട ഗതികേടുണ്ടായി. ഇതിന്റെ കൂടെ പശ്ചാത്തലത്തിലായിരുന്നു സ്വവര്‍ഗ രതിയെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് സഭാ നേതൃത്വം തയ്യാറായത്. സഭയുടെ അനുവാദത്തിനും ആശിര്‍വാദത്തിനും കാത്തുനില്‍ക്കാതെ തന്നെ സ്വവര്‍ഗരതി തത്പരരായ പുരുഷന്മാര്‍ പുരുഷന്മാരെയും സ്ത്രീകള്‍ സ്ത്രീകളെയും ജീവിത പങ്കാളികളാക്കിക്കൊണ്ട് സഹ ജീവിതം നയിക്കുന്ന പ്രവണത പെരുകി വന്നു.
അടിസ്ഥാന തത്വങ്ങളില്‍ കത്തോലിക്കാ സഭയില്‍ നിന്നും കാര്യമായ വ്യത്യാസ മൊന്നു മില്ലാത്ത ആംഗ്ലിക്കന്‍ സഭ ഇത്തരം ദമ്പതികള്‍ക്കായി വളരെ നേരത്തെ തന്നെ സഭയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും പോലും വിവാഹത്തിനും വിവാഹമോചനത്തിനും ഒക്കെ അനുവാദമുള്ള ആംഗ്ലിക്കന്‍ സഭ സ്വവര്‍ഗരതി ഒരു പാപമായി കണക്കാക്കുന്നില്ല. ഗേ പ്രീസ്റ്റ്യസും ഗേ ബിഷപ്പന്മാരും പോലും ആംഗ്ലിക്കന്‍ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലൈംഗികതയുമായി ബന്ധപ്പെട്ട പാപ സങ്കല്‍പത്തെ പുനര്‍നിര്‍വചനങ്ങള്‍ക്കു വിധേയമാക്കണമെന്ന മുറവിളി കത്തോലിക്ക ദൈവ ശാസ്ത്രജ്ഞന്മാരില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ തന്നെ ഇത്തരം ആവശ്യങ്ങളോടുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍പ്പാപ്പയുടെ സെക്രട്ടറിയേറ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒരു നയ പ്രഖ്യാപന രേഖയാണ് സിനഡ് ചര്‍ച്ച ചെയ്തത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ രേഖ സിനഡ് തിരസ്‌കരിക്കുകയായിരുന്നു.
ഇതു സംബന്ധിച്ചു ലോക മാധ്യമങ്ങളോട് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡ്രിക് ലംബാര്‍ഡി പറഞ്ഞത് സിനഡ് പ്രഥമ ഘട്ടത്തില്‍ തിരസ്‌കരിച്ചെങ്കിലും ഈ രേഖ വീണ്ടും സഭയില്‍ വ്യാപകമായ പരസ്യ ചര്‍ച്ചകള്‍ക്കു വിധേയമാക്കുമെന്നും അടുത്ത വര്‍ഷം അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്യുമെന്നുമാണ്.
ഇതു സംബന്ധിച്ച സോഷ്യല്‍ മീഡിയകളിലെ ട്വിറ്റര്‍ ചര്‍ച്ചകളില്‍ ഒട്ടേറെ രസകരമായ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അവയില്‍ ചിലതിങ്ങനെ:
“ഈ കാലഹണരപ്പെട്ട സ്ഥാപനം എന്തു തീരിമാനിക്കുന്നു എന്നതിനെക്കുറിച്ചാര്‍ക്കാണ് വേവലാതി? ജന ജീവിതത്തില്‍ നിന്നും അന്യമായിക്കഴിഞ്ഞ ഒരു സ്ഥാപനത്തിന്റെ അനുഗ്രഹാശിര്‍വാദങ്ങളോടെ സഹ ജീവിതം നയിക്കണമെന്ന് എന്തിനാണീ സ്വവര്‍ഗാനുരാഗികള്‍ വാശി പിടിക്കുന്നത്”. മറ്റൊന്ന് സഭ കാലത്തിനൊപ്പം ജീവിക്കണം. മാറ്റത്തിന്റെ കാറ്റ് സഭയിലേക്കു പ്രവേശിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ വാതിലുകളും ജനാലകളും മലര്‍ക്കെ തുറന്നിട്ടതോടെ ആയിരുന്നു. അതേ നിലപാടുകള്‍ തുടരുന്നു എന്നവകാശപ്പെടുന്ന സഭയുടെ ഭാഗത്തുനിന്നു ദൈവ സൃഷ്ടികളായ സഹജീവികളോടു നിന്ദയും അവഗണനയും പ്രകടിപ്പിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ ലംഘിക്കുന്നു. അനാശാസ്യ മാര്‍ഗങ്ങളിലൂടെ സ്വരൂപിച്ച് കൂട്ടിയ സമ്പത്തിന്റെ കാവല്‍ക്കാരായിരിക്കുന്നതില്‍ മാത്രം ജാഗ്രത പുലര്‍ത്തുന്ന സഭ ലോകത്തിലെ ദരിദ്രരും പാര്‍പ്പിടരഹിതരുമായ അനേക ലക്ഷങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. ഇതു ശരിയെന്നു നമുക്കും തോന്നുന്നില്ലെ? മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാന്‍ ദൈവത്തിന്റെ സൃഷ്ടികളെ നശിപ്പിക്കുന്നതില്‍ അമിത ബലം പ്രകടിപ്പിക്കുന്ന പിശാച് അവന്റെ ആയുധ ശേഖരത്തില്‍ കരുതി വെച്ചിരിക്കുന്ന ആയുധങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കുകയാണ്. ആണവായുധങ്ങളും തീരാരോഗങ്ങളും മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബല പ്രയോഗങ്ങളും ദുര്‍ബല മനുഷ്യരെ നിസ്സാരവത്കരിക്കലും മാത്രമല്ല സ്വവര്‍ഗ രതിയും കുടുംബം തകര്‍ത്തുകൊണ്ടുള്ള സുഖം തേടലും എല്ലാം പിശാചിന്റെ പണിപ്പുരയിലെ മൂര്‍ച്ച കുടിയ ആയുധങ്ങളാണ്. കത്തോലിക്ക സഭ മാത്രമല്ല സമാനമായ എല്ലാ മത സ്ഥാപനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത് പൈശാചികമായ ഇത്തരം നശീകരണ പ്രവണതകളെ പ്രതിരോധിക്കാന്‍ ആയിരിക്കണം. അതിനു പറഞ്ഞു പഴകിയ മന്ത്രങ്ങള്‍ ഉരുവിട്ടിട്ടു കാര്യമില്ല. വളരെ പഴക്കം ചെന്നതും ശീലം കൊണ്ടു മാത്രം സാധൂകരിക്കപ്പെടുന്നതുമായ തെറ്റുകളില്‍ നിന്നു വിമുക്തി നേടാനുള്ള മാര്‍ഗം ആരായുക മാത്രമാണ് പോംവഴി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമി, സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് പാപ്പ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിശുദ്ധന്മാരെ വാഴിച്ച മാര്‍പാപ്പ എന്ന നിലയിലാണ് പ്രസിദ്ധി നേടിയത്. ലോകത്തിന്റെ ഏത് കോണില്‍ നിന്നും മരിച്ചു പോയ ആരെ വേണമെങ്കിലും വിശുദ്ധരായോ വാഴ്ത്തപ്പെട്ടവരായോ പ്രഖ്യാപിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. നമ്മുടെ കേരളത്തിനും കിട്ടി ചെറിയ ഒരു വിഹിതം. പാലായിക്കടുത്തു ഭരണങ്ങാനത്തു ജീവിച്ചിരുന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയില്‍ നിന്നായിരുന്നു തുടക്കം. അങ്ങനെ വിവാദ വിഷയമായ ഇപ്പോഴത്തെ ഈ സിനഡിന് അനുബന്ധമായിട്ടും നടന്നു ചില വിശുദ്ധന്മാരുടെ നാമകരണ പ്രഖ്യാപനം. ഇതിലും ലഭിച്ചു കേരള കത്തോലിക്കാ സഭക്ക് ഒരു ഓഹരി. ചവറ കുര്യാക്കോസ് ഏലിയാസ് അച്ഛനും സിസ്റ്റര്‍ എവപ്രുസ്യാമ്മയും. ലോകത്തിലെ അതിപുരാതനവും സഭയുടെ വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന നല്ല കുഞ്ഞാടുകള്‍ ഏറ്റവും കൂടുതലുണ്ടെന്ന് കരുതപ്പെടുന്നതുമായ കേരള സഭയുടെ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ലഭിച്ചത് രണ്ടോ മൂന്നോ വിശുദ്ധന്മാരെ മാത്രം. യൂറോപ്പില്‍ ആകെ മൂവായിരത്തിലേറെ പ്രഖ്യാപിത വിശുദ്ധന്മാര്‍ അവിടങ്ങളിലെ പള്ളികള്‍ക്കു കാവല്‍ നില്‍ക്കുന്നു എന്നാണ് കണക്ക്. ഈ വിടവ് നികത്താന്‍ പാകത്തില്‍ കൂടുതല്‍ കേരളീയ വിശുദ്ധന്മാരെ ലഭിക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. വിവാദമായ മറിയക്കുട്ടി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ ബനഡിക്ടിനെപ്പോലും വുശുദ്ധനായി നാമകരണം ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള വാഴ്ത്തപ്പെട്ടവനാക്കാനുള്ള അപേക്ഷ ഇതിനകം റോമിലേക്ക് പോയിട്ടുണ്ട്. മരിച്ചവരെ അല്ലാതെ ജീവിച്ചിരിക്കുന്നവരെ വിശുദ്ധരാക്കാനുള്ള ഒരു പരിപാടി ഇന്ന് സഭയില്‍ നിലവിലില്ല. അല്ലെങ്കില്‍ അഭയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് പീഡനങ്ങള്‍ക്കിരയായ വൈദികരെയും കന്യാസ്ത്രീയെയും വാഴ്ത്തപ്പെട്ടവരാക്കാനുള്ള അപേക്ഷയും റോമിലേക്ക് പോകുമായിരുന്നു. പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും കാര്യത്തില്‍ മാത്രമല്ല, പൊതുവെ സ്ഥാപനവത്കരിക്കപ്പെട്ട സഭാസമൂഹങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കല്ല; മരിച്ചവര്‍ക്കാണ് പ്രാധാന്യം. ജനനാന്തര ജീവിതം എങ്ങനെ തനിക്കും മറ്റുള്ളവര്‍ക്കും ഗുണകരമായി ജീവിച്ചു തീര്‍ക്കാം എന്നല്ല മരണാനന്തര സൗഭാഗ്യങ്ങള്‍ എങ്ങനെ ചുളുവില്‍ സ്വായത്തമാക്കാം എന്നാണല്ലോ സഭാ വിശ്വാസികള്‍ ആലോചിക്കുന്നത്.