ചീഫ് ജസ്റ്റിസായിരുന്നവരെ ഗവണറാക്കുന്നതിനെതിരെ സുധീരന്‍

Posted on: August 31, 2014 2:10 pm | Last updated: September 1, 2014 at 8:43 am

sudheeran
തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ നിയമ വിദഗ്ധര്‍. നീക്കത്തെ പരസ്യമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തു വന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നോമിനിയായാണ് സദാശിവം ഗവര്‍ണറാകുന്നതെന്ന ആക്ഷേപം കൂടി ഉയര്‍ന്നതോടെ കേരള, തമിഴ്‌നാട് തര്‍ക്ക വിഷയങ്ങളില്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നു. പറമ്പിക്കുളം- ആളിയാര്‍, മുല്ലപ്പെരിയാര്‍, നെയ്യാര്‍ തുടങ്ങി നദീജല കരാറുകളുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെ, തമിഴ്‌നാട് സര്‍ക്കാര്‍ നോമിനിയായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ കേരളത്തില്‍ ഗവര്‍ണറായെത്തുന്നത് കേരള താത്പര്യം ഹനിക്കാന്‍ ഇടവരുത്തുമെന്നാണ് പരാതി.
ഷീലാ ദീക്ഷിത്ത് രാജിവെച്ച ഒഴിവില്‍ അപ്രതീക്ഷിതമായാണ് പി സദാശിവത്തിന്റെ പേര് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിക്കുന്നയാള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനാകുന്ന കീഴ്‌വഴക്കം ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. സ്വതന്ത്ര അധികാരമുള്ള ജുഡീഷ്യല്‍ കമ്മീഷനുകളുടെ തലപ്പത്ത് മാത്രമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ ഇതിന് മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളത്. രാഷ്ട്രപതിക്കുപോലും സത്യവാചകം ചൊല്ലിക്കൊടുക്കുന്ന പദവിയിലുള്ള ചീഫ് ജസ്റ്റിസ് വെറുമൊരു ഗവര്‍ണര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതെങ്ങനെയെന്ന സംശയമാണ് നിയമവൃത്തങ്ങള്‍ പങ്കുവെക്കുന്നത്.
ഇതിനപ്പുറമാണ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശവും നദീജല കരാറുകളും ഉള്‍പ്പെടെ കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലും ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങളിലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട്. നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണങ്ങളില്‍ വരെ ഗവര്‍ണറുടെ ഇടപെടല്‍ നിര്‍ണായകമാണ്. സുപ്രീം കോടതി അസാധുവാക്കിയെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം കേരളം നേരത്തെ പാസാക്കിയ ഡാം സുരക്ഷാ നിയമം നിര്‍ണായകമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നയാള്‍ ഗവര്‍ണറായി വരുന്നതില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കും ആശങ്കയുണ്ട്.
ജസ്റ്റിസ് സദാശിവത്തിനെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പരസ്യമായി രംഗത്തെത്തി. ചീഫ് ജസ്റ്റിസായിരുന്നയാള്‍ ഗവര്‍ണറാകുന്നത് ഉചിതമല്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്കു വരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ചീഫ് ജസ്റ്റിസാണ്. അത്തരം ഉന്നതമായ ഭരണഘടനാ പദവിയില്‍ നിന്ന് രാഷ്ട്രപതിക്ക് കീഴിലെ ഗവര്‍ണറായി മാറുന്നത് ശരിയല്ല. ഇത് എത്രമാത്രം ഉചിതമാണെന്ന് പരിശോധിക്കണം. ഇപ്പോള്‍ ഗവര്‍ണര്‍ നിയമനമെല്ലാം രാഷ്ട്രീയപ്രേരിതമായിക്കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ  രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം' ചെയ്തത് യു ഡി എഫ് നേതൃത്വത്തെ ഓര്‍മിപ്പിച്ച് വി എം സുധീരന്‍