രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: August 28, 2014 8:30 am | Last updated: August 28, 2014 at 8:30 am

192401കാര്‍ഡിഫ്: ടെസ്റ്റ് പരമ്പരയിലേറ്റ നാണംകെട്ട തോല്‍വിക്ക് ഇന്ത്യ പകരം വീട്ടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് പട ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. 37.2 ഓവറില്‍ 161 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. 40 റണ്‍സെടുത്ത കന്നിക്കാരന്‍ അലക്‌സ് ഹെയ്ല്‍സിനു മാത്രമേ ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായൂള്ളൂ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ ഏഴ് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷാമിയും അശ്വിനും രണ്ട് വിക്കറ്റെടുത്തു. മഴ മൂലം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 47 ഓവറില്‍ 295 റണ്‍സാക്കി കുറച്ചിരുന്നു. ഇതോടെ, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 നു മുന്നിലെത്തി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. കന്നി ഏകദിനം കളിച്ച ഹെയ്ല്‍സും നായകന്‍ അലിസ്റ്റര്‍ കുക്കും ചേര്‍ന്ന് വളരെയെളുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നു തോന്നിയപ്പോഴാണ് മുഹമ്മദ് ഷാമി ഇന്ത്യയുടെ രക്ഷകനായത്. 19 റണ്‍സെടുത്ത കുക്കിനെ വീഴ്ത്തി ഷാമി ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്പിച്ചു. പിന്നാലെയെത്തിയ ഇയാന്‍ ബെല്ലിനെയും പെട്ടെന്ന് തന്നെ ഷാമി വീഴ്ത്തി. ഒരു റണ്‍സായിരുന്നു ബെല്ലിന്റെ സമ്പാദ്യം. ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജോ റൂട്ടും (നാല്) പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
നേരത്തെ, സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെയും(100) അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും(52) നായകന്‍ എം എസ് ധോണിയുടെയും (52) മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 74 പന്തില്‍ 12 ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സറുകളും അകമ്പടിയേകിയതായിരുന്നു റെയ്‌നയുടെ നാലാം ഏകദിന സെഞ്ച്വറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 19 റണ്‍സെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. കോഹ്‌ലിക്കു പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 47 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത രഹാനെയെ പുറത്താക്കിയ ട്രെഡ്‌വെല്ലാണ് ഇംഗ്ലണ്ടിന് ബ്രേക്ത്രൂ സമ്മാനിച്ചത്.
ട്രെഡ്‌വെല്ലിന്റെ തന്നെ പന്തില്‍ രോഹിത് ശര്‍മയും പുറത്തായതോടെയാണ് സുരേഷ് റെയ്‌നയും നായകന്‍ ധോണിയും ക്രീസില്‍ ഒന്നിച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടെ റെയ്‌നയുടെ ബാറ്റില്‍ നിന്ന് സിക്‌സറുകളും പറന്നു. സിംഗിളുകളുമായി ധോണി ഒരറ്റത്ത് മികച്ച പിന്തുണ നല്കിയതോടെ റെയ്‌ന കത്തിക്കയറി. സെഞ്ചുറി തികച്ചതിനു പിന്നാലെ ക്രിസ് വോക്‌സിന്റെ പന്തില്‍ റെയ്‌ന പുറത്തായതിനു പിന്നാലെ നായകന്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. രണ്ടു റണ്‍സു കൂടി കൂട്ടിച്ചേര്‍ത്ത് ധോണിയും പുറത്തായതോടെ അവസാന ഓവറില്‍ ജഡേജയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.
ഇംഗ്ലണ്ടിനായി വേണ്ടി ക്രിസ് വോക്‌സ് 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ട്രെഡ്‌വെല്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു.