അളവും തൂക്കവും കൃത്യമായിരിക്കണം

Posted on: August 27, 2014 8:00 pm | Last updated: August 27, 2014 at 8:29 pm
അബുദാബി: വിപണികളിലെത്തിക്കുന്ന വസ്തുക്കളുടെ അളവും തൂക്കവും കൃത്യമായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആറു മാസത്തിനകം ഇറക്കുമതി കമ്പനികള്‍ ഉല്‍പന്നങ്ങളും പായ്ക്കറ്റുകളും കുറ്റമറ്റതാക്കണം.
രാജ്യത്തെ വിപണികളിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും ഇതര ഉല്‍പന്നങ്ങളുടെയും തൂക്കത്തില്‍ തിരിമറിയുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്നാണു മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പായ്ക്കറ്റുകളുടെ പുറത്തു രേഖപ്പെടുത്തിയ തൂക്കം ചില ഉല്‍പന്നങ്ങള്‍ക്കുണ്ടാകാറില്ല. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ ഇറക്കുമതി കമ്പനികള്‍ ക്രമീകരിച്ചിരിക്കണം.
വിലയും അളവും തൂക്കവും വ്യത്യാസപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാകും. വിപണികള്‍ നിയമലംഘന മുക്തമാക്കാനുള്ള ഈ സമയപരിധി അന്തിമമാണെന്നു സാമ്പത്തിക മന്ത്രാലയത്തിലെ ഗുണഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ ഡോ. ഹാശിം അല്‍ നഈമി അറിയിച്ചു. സാമ്പത്തിക മന്ത്രാലയത്തിന്റെ നടപടികള്‍ക്കു മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജിയുമായി സഹകരിച്ചാണ് ഉല്‍പന്നങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും പരിശോധിക്കുക. ഉല്‍പന്നങ്ങളുടെ തൂക്കത്തില്‍ കൃത്രിമമുണ്ടെന്നു പരാതി ഉയര്‍ന്നതോടെ ഇതു തടയാനുള്ള പദ്ധതികള്‍ക്ക് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും കഴിഞ്ഞയാഴ്ച രൂപം നല്‍കിയിട്ടുണ്ട്.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൂക്കം കുറച്ചു വിപണിയിലെത്തിച്ച ഒട്ടേറെ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പാല്‍, ജ്യൂസ് എന്നിവയാണു പിടിച്ചെടുത്തവയില്‍ കൂടുതലെന്നു ഡോ. ഹാശിം വെളിപ്പെടുത്തി.
തൂക്കം കുറഞ്ഞ ഒരു ഉല്‍പന്നവും സ്വീകരിക്കരുതെന്നു വ്യാപാര സ്ഥാപനങ്ങള്‍ക്കു മന്ത്രാലയം നോട്ടിസ് നല്‍കിയിട്ടുണ്ട്. മുന്‍വിലയെക്കാള്‍ കൂടുതല്‍ വില ആവശ്യപ്പെടുന്ന കമ്പനികളുടെ സാധനങ്ങളും നിരസിക്കണമെന്നാണു നിര്‍ദേശം.