Connect with us

Kerala

മദ്യനയം ഉത്തരവിറങ്ങി:312 ബാറുകള്‍ നോട്ടീസില്ലാതെ പൂട്ടും

Published

|

Last Updated

barതിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായി. ഇതനുസരിച്ച് സംസ്ഥാനത്തെ 312 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബാറുകള്‍ക്കെതിരെ നോട്ടീസ് നല്‍കാതെ നടപടികള്‍ കൈക്കൊള്ളാനാണ് എക്‌സൈസ് കമ്മീഷണര്‍ക്കും ബിവറേജസ് കോര്‍പറേഷന്‍ എം ഡിക്കും ഉത്തരവ് നല്‍കിയത്. അവശേഷിക്കുന്ന മദ്യം വില നല്‍കി ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കും. ലൈസന്‍സ് പുതുക്കിയപ്പോള്‍ ഉള്‍ക്കൊള്ളിച്ച വ്യവസ്ഥകള്‍ അനുസരിച്ചാണ് പൂട്ടല്‍ നടപടികള്‍. ലൈസന്‍സ് താത്കാലികമാണെന്നും അതാത് സമയത്തെ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിധേയമാണെന്നും വ്യവസ്ഥയിലുണ്ട്. അതിനാല്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടര്‍ന്ന് മദ്യനയം പ്രഖ്യാപിക്കുന്നത് വൈകിയിരുന്നു. പുതിയ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന നയമാണ് ഇന്നലെ പ്രഖ്യാപിച്ചത്. 

ഉത്തരവനുസരിച്ച് ഇനി മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. നിലവില്‍ താത്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കി പ്രവര്‍ത്തിച്ചുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ ഒഴികെയുള്ളവയുടെ ലൈസന്‍സ് റദ്ദു ചെയ്യും. നിലവാരമില്ലാത്തതെന്ന് സുപ്രീം കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള 418 ഹോട്ടലുകളുടെയും ബാര്‍ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ 338 എഫ് എല്‍ 1 ഔട്ട്‌ലെറ്റുകളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുടെയും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ വീതം 2014 ഒക്ടോബര്‍ രണ്ട് മുതല്‍ ഓരോ വര്‍ഷവും നിര്‍ത്തലാക്കും. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന രണ്ട് പദ്ധതികള്‍ക്കും വേണ്ടി കേരള ആള്‍ക്കഹോള്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച്, റീഹാബിലിറ്റേഷന്‍ ആന്‍ഡ് കോമ്പന്‍സേഷന്‍ ഫണ്ട് (കെ എ ഇ ആര്‍ സി എഫ്) രൂപവത്കരിക്കും. മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുക, ഇത് സംബന്ധിച്ച് ഡേറ്റ സമാഹരിക്കുക, മദ്യപാനം മൂലം തകര്‍ന്നവരെ സംരക്ഷിക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി ഈ ഫണ്ട് ഉപയോഗിക്കും.
പൊതുജനങ്ങളില്‍ നിന്നുമുള്ള സംഭാവനയിലൂടെയും ഇതിനുള്ള പണം കണ്ടെത്തും.
ഉത്തരവ് അടിയന്തരമായി നടപ്പിലാക്കുന്നതിന് എക്‌സൈസ് കമ്മീഷണറും, കെ എസ് ബി സി മാനേജിംഗ് ഡയറക്ടറും നടപടി കൈക്കൊള്ളേണ്ടതും നിയമ ഭേദഗതിക്കുള്ള ശുപാര്‍ശകള്‍ അടിയന്തരമായി സര്‍ക്കാറില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി, ഹൈക്കോടതി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ വിവിധ കേസുകളിലെ ഉത്തരവുകളും ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും പരിഗണിച്ചാണ് മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളത്.

Latest