നിര്‍ദേശ് പദ്ധതി; പുനരധിവാസ പാക്കേജ് ഉടന്‍- കലക്ടര്‍

Posted on: August 23, 2014 2:11 pm | Last updated: August 23, 2014 at 2:11 pm

കോഴിക്കോട്: നിര്‍ദേശ് പദ്ധതിപ്രദേശത്തുകാര്‍ക്കുള്ള പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
പദ്ധതിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി നോഡല്‍ ഓഫീസറായി ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍ എന്‍ ജമുനയെ ചുമതലപ്പെടുത്തി. പദ്ധതിയില്‍ ഉള്‍പ്പെടുന്ന 21 കുടുംബങ്ങള്‍ക്ക് വനഭൂമിയും 23 കുടുംബങ്ങള്‍ക്ക് കടല്‍ പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്ത് പട്ടയം നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ബാക്കിയുള്ള 125 കുടുംബങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് ഫഌറ്റ് നിര്‍മിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എം കെ രാഘവന്‍ എം പി, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ എന്‍ ജമുന, തഹസില്‍ദാര്‍ രോഷ്‌നി നാരായണന്‍, യു പോക്കര്‍, വില്ലേജ് ഓഫീസര്‍ ശിശുപാലന്‍, നിര്‍ദ്ദേശ് പ്രതിനിധികളായ എന്‍ എം ശശിധരന്‍, മുഹമ്മദ് ഇഖ്ബാല്‍, സമരസമിതി പ്രതിനിധികളായ കെ പി അഷ്‌റഫ്, പി വിസുബൈര്‍ പങ്കെടുത്തു.