Connect with us

National

ധിഷണയുടെ നാനാത്വങ്ങള്‍...

Published

|

Last Updated

murthy

വിശ്വ സാഹിത്യത്തോളം വളര്‍ന്ന പ്രകാശ ഗോപുരമായിരുന്നു കന്നഡ സാഹിത്യത്തിലെ അതികായരിലൊരാളായ യു ആര്‍ അനന്തമൂര്‍ത്തി(ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി). ഭാവുകത്വം കൊണ്ടും ധിഷണാ വിലാസം കൊണ്ടും ആധുനിക സാഹിത്യത്തെ സമ്പന്നമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. സാമൂഹികമായി നിലനിന്ന പല വിഷയങ്ങളെയും ആഴത്തില്‍ ചോദ്യം ചെയ്ത അദ്ദേഹം കൃത്യമായ രാഷ്ട്രീയ നിലപാടുകളിലൂടെയും സമൂഹത്തോട് നിരന്തരം സംവദിച്ചു. രാജ്യം സംഭാവന ചെയ്ത മികച്ച സാഹിത്യ നായകരിലൊരാളായ അദ്ദേഹം പ്രാദേശിക ഭാഷകളെയും വിശ്വ ഭാഷയെയും പ്രാധാന്യത്തോടെ ഉള്‍ക്കൊണ്ടിരുന്നു.
കന്നഡ സാഹിത്യത്തില്‍ “”നവ്യ (നവീനം) പ്രസ്ഥാനത്തിന്റെ”” തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. സാഹിത്യകാരന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് തന്റെ കഴിവിനെ വ്യാപിപ്പിച്ചിരുന്നു അനന്തമൂര്‍ത്തി.
കേരളവുമായി ഗാഢ ബന്ധം പുലര്‍ത്തിയിരുന്നു അനന്തമൂര്‍ത്തി. മലയാളത്തിലെ മിക്ക സാഹിത്യകാരന്‍മാരുമായും ഹൃദയ ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു.
അനന്തമൂര്‍ത്തിയുടെ സംസ്‌ക്കാര, ഭാരതീപുരം, അവസ്ഥ എന്നീ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന അദ്ദേഹം സര്‍വകലാശാലയുടെ വളര്‍ച്ചക്കും വികാസത്തിനും തന്റെ സര്‍വ കഴിവുകളും വിനിയോഗിച്ചു. സംസ്ഥാന വിദ്യാഭ്യാസ കമ്മീഷന്‍ അംഗം കൂടിയായായിരുന്ന അദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ വിഷയങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട അദ്ദേഹം ബി ജെ പിയുടെയും സഘ്പരിവാറിന്റെയും നയങ്ങളെ എക്കാലത്തും എതിര്‍ത്തിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അതിലൊന്നായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം വിടുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
പിന്നീട് മോദി പ്രധാനമന്ത്രിയായപ്പോള്‍ തനിക്ക് നാക്ക് പിഴച്ചതായി അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തു. അപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള തന്റെ നിലപാട് മാറ്റാന്‍ അദ്ദേഹം തുന്നിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
സ്വേച്ഛാധിപത്യം നിറഞ്ഞ മോദിയുടെ നിലപാടുകള്‍ നമ്മുടെ ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും പതുക്കെ പതുക്കെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാ ദള്‍ (സെക്കുലര്‍) സ്ഥാനാര്‍ഥിയായി അദ്ദേഹം ബി ജെ പിക്കെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് ജനതാ ദള്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. 2006ല്‍ രാജ്യസഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
സംസ്‌കാരം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ നിരവധി മേഖലകളില്‍ ആഴത്തിലുള്ള രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൃതികള്‍ ഇന്ത്യന്‍ ഭാഷകളിലേക്കും യൂറോപ്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
അനന്തമൂര്‍ത്തി വിട വാങ്ങുമ്പോള്‍ സാഹിത്യത്തിലെ ധൈഷണികമായ ഒരു യുഗത്തിന് കൂടിയാണ് വിരാമമാകുന്നത്.

Latest