ഹയര്‍ സെക്കന്‍ഡറി: സ്റ്റേ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- എം എസ് എഫ്

Posted on: August 19, 2014 10:32 am | Last updated: August 19, 2014 at 10:32 am

msfകോഴിക്കോട്: പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് എം എസ് എഫ്. എസ് എസ് എല്‍ സി പാസായ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പ്ലസ്ടുവിന് അവസരമില്ലാതെ പ്രയാസപ്പെടുമ്പോയാണ് സര്‍ക്കാര്‍ പ്ലസ്ടു അനുവദിച്ചത്. ആവശ്യാനുസരണം വിദ്യാഭ്യാസ അവസരമൊരുക്കുകയെന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കാന്‍ മാനേജ്‌മെന്റ്- മാധ്യമ- നിയമ രംഗത്തെ ഗൂഡശക്തികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് വിധിയെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലിയും ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദും ആരോപിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കാന്‍ ഇടപെടേണ്ട കോടതി സര്‍ക്കാറിന്റെ ചെറിയ നീക്കങ്ങളെ പോലും വിലങ്ങ് വെക്കുന്നത് വിദ്യാര്‍ഥികളോട് കാണിക്കുന്ന നീതി കേടാണ്. സര്‍ക്കാറിന്റെ വാദങ്ങള്‍ കൃത്യമായി കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ അഡ്വക്കേറ്റ് ജനറല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും എം എസ് എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.