ഓഹരി സൂചികയില്‍ തിരിച്ചുവരവ്

Posted on: August 18, 2014 7:17 am | Last updated: August 18, 2014 at 7:17 am

share marketഓഹരി സൂചികയില്‍ തിരിച്ചു വരവ്. ആഭ്യന്തര വിദേശ ഫണ്ടുകളുടെ സജീവ സാന്നിധ്യത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. രണ്ടാഴ്ചകളില്‍ 979 പോയിന്റ് ഇടിഞ്ഞ ബി എസ് ഇ കഴിഞ്ഞ വാരം 775 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി സൂചിക കഴിഞ്ഞ വാരം 233 പോയിന്റ് വര്‍ധിച്ചു. ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും ഓപറേറ്റര്‍മാരെ കോരിത്തരിപ്പിച്ചു. പിന്നിട്ട വാരം വിപണി പ്രവര്‍ത്തിച്ചത് നാല് ദിവസം മാത്രമാണ്. വെള്ളിയാഴ്ച വിപണി പ്രവര്‍ത്തിച്ചില്ല. എന്നാല്‍ നിഫ്റ്റിക്ക് ഏറെ നിര്‍ണായകമായ 8800 ലെ തടസ്സം സൂചികക്ക് മറികടക്കാനായില്ല.
കഴിഞ്ഞ വാരത്തിലെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ വിപണി വീണ്ടും ഒരു ബുള്‍ തരംഗത്തിനുള്ള നീക്കത്തിലാണെന്നാണ് ഒരു വിഭാഗം ഫണ്ടുകളുടെ വിലയിരുത്തല്‍. താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് ഫണ്ടുകള്‍ കാണിച്ച മത്സരം വിപണിയുടെ അടിയൊഴുക്കിലും ചലനങ്ങളുളവാക്കി.
ടാറ്റാ മോട്ടേഴ്‌സ് ഓഹരി വില 12 ശതമാനം വര്‍ധിച്ചു. സണ്‍ ഫാര്‍മ എഴ് ശതമാനം മികവ് കാണിച്ചു. ഒ എന്‍ ജി സി നാല് ശതമാനം മുന്നേറി. മികച്ച ത്രൈമാസ റിപ്പോര്‍ട്ടാണ് കുതിപ്പിനു ഹരം പകര്‍ന്നത്. അതേസമയം അറ്റാദായത്തില്‍ 58 ശതമാനം ഇടിഞ്ഞ ബി എച്ച് ഇ എല്‍ ഓഹരി തളര്‍ച്ചയിലേക്ക് നീങ്ങി.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 1595 കോടി രൂപ നിക്ഷേപിച്ചു. യു എസ് ഡോളര്‍ പ്രവാഹത്തിന്റെ മികവില്‍ മുന്‍ നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 66,483 കോടി രൂപ വര്‍ധിച്ചു. എച്ച് ഡി എഫ് സി, ഒ എന്‍ ജി സി എന്നിവ കൂടുതല്‍ നേട്ടം വാരി. അതേസമയം തിരിച്ചടി നേരിട്ടതില്‍ മുന്നില്‍ നില്‍ക്കുന്നത് എസ് ബി ഐയാണ്. എച്ച് ഡി എഫ് സിയുടെ മൂല്യത്തില്‍ 15,443.76 ഉയര്‍ന്നപ്പോള്‍ ഒ എന്‍ ജി സി 13,517 കോടിയുടെ നേട്ടമുണ്ടായി. എച്ച് ഡി എഫ് സി ബേങ്ക്, ഇന്‍ഫോസിസ്, ആര്‍ ഐ എല്‍, ഐ ടി സി, ഐ സി ഐ സി ഐ ബേങ്ക് എന്നിവയും തിളങ്ങി. എസ് ബി ഐയുടെ വിപണി മൂല്യത്തില്‍ 3990 കോടി രൂപ ഇടിഞ്ഞു. വിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മുല്യം മെച്ചപ്പെട്ടു. നേരത്തെ 61.70 റേഞ്ചിലേക്ക് ഇടിഞ്ഞ രൂപ തിരിച്ചു വരവിലൂടെ 60.86 ലേക്ക് കയറി.
ബോംബെ സൂചിക താഴ്ന്ന നിലവാരമായ 25,437 ല്‍ നിന്ന് 26,000 ലെ പ്രതിരോധവും കടന്ന് 26,135 ലേക്ക് കയറി. ഭക്ഷ്യ ഉത്പന്നങ്ങളുടെ നാണയപ്പെരുപ്പത്തിലുണ്ടായ ഇടിവ് സൂചികക്ക് കരുത്തായി. വാരാവസാനം സെന്‍സെക്‌സ് 26,103 ലാണ്. ഈ വാരം 26,346-26,589 ല്‍ തടസ്സം നേരിടാം. അതേസമയം തിരിച്ചടി േനരിട്ടാല്‍ 25,648- 25,193 ല്‍ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക്ക് എസ് ഏ ആര്‍ സെല്ലിംഗ് മൂഡിലാണ്. എന്നാല്‍ എം ഏ സി ഡി ഒരു പുള്‍ബാക്ക് റാലിക്കുള്ള ശ്രമത്തിലാണ്.
പോയ വാരം നിഫ്റ്റി സൂചിക 2.94 ശതമാനം മുന്നേറി. തുടക്കത്തിലെ 7607 ല്‍ നിന്നുള്ള കുതിപ്പില്‍ 7796 വരെ സൂചിക മുന്നേറിയ ശേഷം 7791 ല്‍ ക്ലോസിംഗ് നടന്നു. വായ്പാ അവലോകനത്തില്‍ ആര്‍ ബി ഐ പലിശ നിരക്കുകള്‍ സ്‌റ്റെഡിയായി നിലനിര്‍ത്തി. ഭക്ഷ്യഉത്പന്നങ്ങളുടെ പണപ്പെരുപ്പം ജൂലൈയില്‍ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 5.19 ലേക്ക് ഇടിഞ്ഞു. ജൂണില്‍ ഇത് 5.43 ശതമാനമായിരുന്നു.