Connect with us

Gulf

വേനലവധി ആഘോഷമാക്കി അബുദാബിയില്‍ കുട്ടികളുടെ ക്യാമ്പുകള്‍

Published

|

Last Updated

അബുദാബി: കുട്ടികള്‍ക്ക് വേനലവധി ആഘോഷമാക്കി മാറ്റുകയാണ് അബുദാബിയിലെ വിവിധ സംഘടനകള്‍ നവ്യാനുഭവമാകുന്നു. കംപ്യൂട്ടര്‍, ഗെയിം, മൊബൈല്‍ എന്നിവയുടെ കൂടെ അടയിരിക്കുന്ന പുതുതലമുറ വിവിധ ക്യാമ്പുകളിലൂടെ നിരവധി അറിവുകളാണ് സ്വായത്തമാക്കുന്നത്. മലയാള തനിമയുള്ള പരിപാടികള്‍ മാറ്റ്കൂട്ടുന്നു. നാടന്‍പാട്ടും, കളികളും കവിതയും കഥാ രചനയും പ്രസംഗങ്ങളും നാടകങ്ങളുമായി ഓരോ ദിവസവും അവിസ്മരണീയമാക്കുകയാണ്. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പ് സമ്മര്‍ ഫ്രോസ്റ്റ് 2014 വൈവിധ്യമാര്‍ന്ന പരിപാടികളുമായി പുരോഗമിക്കുന്നു.
കല-കരകൗശലം, കായികം, വിദ്യാഭ്യാസം സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
കല-കരകൗശല വിഭാഗത്തില്‍ ചിത്ര രചന, എഴുത്ത്, നാടകം, ഫാഷന്‍ പാചകം തുടങ്ങിയവ പരിചയപ്പെടുത്തുന്നു. കായിക വിഭാഗത്തില്‍ നീന്തല്‍ ടെന്നീസ്, യോഗ, ഇന്‍ഡോര്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയവയാണ് പരിശീലനം വിദ്യാഭ്യാസ വിഭാഗത്തില്‍ സമയ നിയന്ത്രണം, പ്രസംഗം, ഓര്‍മശക്തിക്കായുള്ള പരിപാടികള്‍ എല്ലാം ഉള്‍പ്പെടുന്നു. സാങ്കേതിക വിദ്യ വിഭാഗത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍, 3 ഡി ഡിസൈനിംഗ്, സിനിമ, ഫോട്ടോഗ്രഫി എന്നിവയുടെ ആദ്യപാഠങ്ങള്‍ നല്‍കുന്നു. ഏഴു മുതല്‍ 17 വയസുവരെ പ്രായമുള്ള 180 ഓളം കുട്ടികളാണ് സോഷ്യല്‍ സെന്റര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ യു എ ഇ ഇന്ത്യന്‍ എംബസി ഉപസ്ഥാനപതി ആനന്ദ് ബര്‍ധാന്‍ പരീക്ഷ ഭയം എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ്. കുട്ടികളില്‍ നവ്യാനുഭവമായി. ക്യാമ്പിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന വിനോദ-വിജ്ഞാന യാത്ര അല്‍ ഐന്‍ അല്‍ ദഫ്ര ഈന്തപ്പഴ ഫാക്ടറിയിലേക്കും. കിഡ്‌സാനിയായിലേക്കും സംഘടിപ്പിക്കുന്നുണ്ട്. ആഗസ്ത് 15ന് ഐ എസ് സിയില്‍ നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ആഗസ്ത് മൂന്നിന് തുടങ്ങിയ ക്യാമ്പ് 28ന് അവസാനിക്കും.
സഭാകമ്പം കൂടാതെ പ്രസംഗിക്കാനും മികച്ച നടന്മാരായി അഭിനയിക്കാനും മനോഹരമായി ചിത്രങ്ങള്‍ വരക്കാനും പാഴ്‌വസ്തുക്കളാല്‍ ശില്‍പങ്ങള്‍ നിര്‍മിക്കാനും വേനല്‍ ക്ലാസുകള്‍ കുട്ടികളെ പ്രാപ്തകരാക്കുന്നു. അബുദാബിയില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ കൂടാതെ കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കുന്നുണ്ട്.

 

Latest