Connect with us

National

യു എസില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നു

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു എസ്
പ്രതിരോധ സെക്രട്ടറി ഹെഗല്‍ കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗലിന്റെ സന്ദര്‍ശനത്തോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് കളമൊരുങ്ങുന്നു. അമേരിക്കയില്‍ നിന്ന് ആക്രമണ ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ വാങ്ങിയേക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്കു പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. യു എസിലെ ബോയിംഗ് കമ്പനി നിര്‍മിച്ച അപ്പാച്ചെ, ചിനൂക് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇന്ത്യ ആദ്യ പരിഗണന നല്‍കിേയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഹെഗല്‍ ഇന്ത്യയിലെത്തിയത്.
ഇതിന് മുമ്പ് തന്നെ എ എച്ച്- 64 ഡി അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ 22 എണ്ണം വാങ്ങുന്നതിന് ഏകദേശ ധാരണയായിരുന്നു. കൂടൂതലായി പതിനേഴ് എണ്ണം കൂടി വാങ്ങുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഇവയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. 140 കോടി യു എസ് ഡോളറാണ് പ്രതീക്ഷിക്കുന്ന വില. മേഖലയില്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇക്കാരണത്താല്‍ ഇന്ത്യയുമായുള്ള വാണിജ്യ, സൈനിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യു എസ്. പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂട്ടമായി ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം യു എസില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയ രാജ്യമാണ് ഇന്ത്യയെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഐ എച്ച് എസ് പറയുന്നു. യു എസില്‍ നിന്ന് അപാച്ചെ കോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും അത്. ഹെഗലിന്റെ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് വിലയിരുത്തുന്നത്. ഏഷ്യാ പസഫിക് മേഖലയില്‍ ശക്തമായ ബന്ധങ്ങള്‍ ആവശ്യമാണെന്ന് ഹെഗല്‍ അഭിപ്രായപ്പെട്ടു.
അതേസമയം, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചക് ഹെഗല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായും ഹെഗല്‍ കൂടിക്കാഴ്ച നടത്തി.

---- facebook comment plugin here -----